തിരൂർ: അഞ്ച് വർഷം മുൻപ് തകരാറിലായ പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ഒരു നാട് മുഴുവൻ. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി ആര് നടത്തുമെന്ന തീരുമാനത്തിലെത്താതെ അധികൃതരും അങ്കലാപ്പിലാണ്. തിരൂർ-പൊന്നാനി പുഴയ്ക്ക് കുറുകെ മംഗലം പഞ്ചായത്തിലെ പെരുന്തിരുത്തിയേയും പുറത്തൂർ പഞ്ചായത്തിലെ വാടിക്കലിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 400 മീറ്ററിലേറെ നീളമുള്ള പാലം സംസ്ഥാനത്തെ ഏറ്റവും വലിയ തൂക്കുപാലങ്ങളിലൊന്നാണ്. നേരത്തെ കടത്ത് തോണിയായിരുന്ന ഇവിടെ
മൂർക്കനാട് തോണി ദുരന്തത്തെ തുടർന്നാണ് പാലം പണിതത്. കൂട്ടായിയിലെ മൗലാന ഹയർസെക്കന്ററി സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു ഇത്.
2014ലാണ് പാലം തുറന്നു കൊടുത്തത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ പാലം തകരാറിലായി. തുരുമ്പെടുത്ത് കൈവരികളും നടപ്പാതയും നശിച്ചതോടെ പാലത്തിലൂടെയുളള യാത്ര നിരോധിച്ചു. ഒരുവർഷം കഴിഞ്ഞ് അരക്കോടി രൂപ ചെലവഴിച്ച് അറ്റകുറ്റപണി നടത്തി തുറന്ന് കൊടുത്തെങ്കിലും അധിക നാൾ കഴിയും മുമ്പേ തകർന്നു. നിലവിൽ ജില്ലാ കലക്ടർ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചെങ്കിലും വിലക്കിനെ മറികടന്ന് പലരും ഇതുവഴി പോവുന്നുണ്ട്. തുരുമ്പെടുത്ത നടപ്പാതയിലൂടെ താഴോട്ട് വീഴുന്ന സാഹചര്യമാണുള്ളത്. അതോടൊപ്പം കൈവരികളും ഏറെക്കുറെ നശിച്ചിട്ടുണ്ട്. അടിയന്തരമായി പാലം അറ്റകുറ്റപണി നടത്തി യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
ഉത്തരവാദിത്വം ആർക്ക് ?
തൂക്കുപാലം തകരുമ്പോഴോക്കെ പാലം അറ്റകുറ്റപണി നടത്തേണ്ട ഉത്തരവാദിത്വം ആർക്കാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. റവന്യൂ വകുപ്പിന്റെ കീഴിലാണ് പാലം നിർമ്മിച്ചതും ഒരുതവണ അറ്റകുറ്റപ്പണി നടത്തിയതും. രണ്ടാമത് പാലം തകർന്നപ്പോൾ മംഗലം പഞ്ചായത്തിനോട് അറ്റകുറ്റപ്പണി നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചത് വിവാദമായിരുന്നു. രണ്ട് പഞ്ചായത്തുകളിലായി കിടക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണി ഒരു പഞ്ചായത്തിനോട് നടത്താൻ പറഞ്ഞത് ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്ന് അഭിപ്രായമുണ്ടായി. അതേസമയം, പാലത്തിന്റെ ചുമതല ഇതുവരെ മംഗലം പഞ്ചായത്തിനോ പുറത്തൂർ പഞ്ചായത്തിനോ റവന്യൂ അധികൃതർ കൈമാറിയിട്ടുമില്ല. പാലം നന്നാക്കിയെടുക്കാൻ അരക്കോടിയിലേറെ രൂപ ചെലവ് വരും. ഈ വലിയ തുക പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള സാദ്ധ്യത കുറവായിരുന്നു. റവന്യൂ വകുപ്പ് തന്നെ ഫണ്ട് അനുവദിക്കണമെന്നാണ് മംഗലം പഞ്ചായത്തിന്റെ ആവശ്യം. മാത്രമല്ല, പാലത്തിന്റെ ആദ്യത്തെ അറ്റകുറ്റപ്പണിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. പാലം നന്നാക്കത്തതിൽ അന്നത്തെ സ്ഥലം എം.എൽ.എ കെ.ടി.ജലീലിനെതിരെയും പ്രതിഷേധമുണ്ടായിരുന്നു. തൂക്കുപാലം എത്രയും വേഗം അറ്റകുറ്റപ്പണി സ്‌കൂൾ തുറക്കുന്നതിനു മുമ്പ് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |