പദ്ധതി തയ്യാറാക്കുമെന്ന് എം.എൽ.എ
കുറ്റിപ്പുറം : ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ കാരണം കഴിഞ്ഞ രണ്ടു സീസണുകളിലായി പ്രവർത്തനം നിലച്ച മിനിപമ്പയിലെ ശബരിമല ഇടത്താവളം വീണ്ടും സജീവമാക്കാൻ നീക്കം. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുളള ശബരിമല തീർത്ഥാടകർക്ക് യാത്രാമദ്ധ്യേ വിശ്രമിക്കാൻ സുരക്ഷിതമായ ഇടം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടത്താവളം കാലങ്ങളായി പ്രവർത്തിച്ചിരുന്നത്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം സജീവമായതോടെ ഇടത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. പ്രവൃത്തി അവസാനിച്ചതോടെ, വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് സീസൺ മുന്നിൽക്കണ്ട് ഇടത്താവളം വീണ്ടും സജീവമാക്കാനാണ് ശ്രമം.
വടക്കൻ കേരളത്തിൽ നിന്നും കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്ക് യാത്രാമദ്ധ്യേ വിശ്രമിക്കാനും പ്രാഥമിക കർമ്മങ്ങൾ നിറവേറ്റാനും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഇവിടെ മുൻകാലങ്ങളിൽ ഒരുക്കിയിരുന്നു. ദേശീയപാത പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇവ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. മല്ലൂർ കടവിന് സമീപമുള്ള ടി.കെ പത്മിനി ഓപ്പൺ ഓഡിറ്റോറിയത്തിൽ തീർത്ഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമൊരുക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കുറ്റിപ്പുറം കെ.ടി.ഡി.സി ഹോട്ടലിന് സമീപമുള്ള ഭൂമിയിൽ പാർക്കിംഗ് സൗകര്യവുമേർപ്പെടുത്താനാവും.
കഴിഞ്ഞ രണ്ടുവർഷമായി പൊന്നാനി കണ്ടംകുറുമ്പ കാവിലാണ് ഇടത്താവളം സജീവമായിരുന്നത്.ഇത്തവണ ഈ ഇടത്താവളത്തിന് ബഡ്ജറ്റിൽ ഒരു കോടി അനുവദിച്ചിട്ടുണ്ട്. നിളയുടെ സാന്നിദ്ധ്യം, താമസസൗകര്യങ്ങൾ, ആശുപത്രി സൗകര്യം, പാർക്കിംഗ് സൗകര്യം എന്നിവയുള്ളതിനാൽ മിനിപമ്പയാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായമുണ്ട്. തീർത്ഥാടകർ കൂടുതലായി കടന്നുപോകുന്ന പാതയും ഇതാണ്.
വികസനസാദ്ധ്യതയേറെ
മിനിപമ്പ കേന്ദ്രീകരിച്ചു ശബരിമല കെ.എസ്.ആർ.ടി.സി. സർവീസുകൾ തുടങ്ങണമെന്ന് ആവശ്യമുണ്ട്. പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസുകളും നിലവിലുള്ള സർവീസുകൾക്ക് സ്റ്റോപ്പും അനുവദിക്കേണ്ടതുണ്ട്.
ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശൗചാലയങ്ങൾ, വിശ്രമമുറികൾ, വാഹന പാർക്കിംഗ്, പ്രാഥമിക ചികിത്സാ സൗകര്യം എന്നിവയും ലഭ്യമാകുന്നത് തീർത്ഥാടകർക്കു വലിയ ആശ്വാസമാകും
.
ഇടത്താവളത്തിന്റെ പുനരുജ്ജീവനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവ് നൽകും.
സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റ്, സി.സി.ടി.വി. ക്യാമറകൾ, രാത്രികാല ലൈറ്റിംഗ്, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കണം
മിനി പമ്പ വലിയൊരു പദ്ധതിയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കും. അന്യസംസ്ഥാനത്ത് നിന്നും സംസ്ഥാനത്തുനിന്നുമുള്ള ഭക്തർക്ക് ഇതേറെ ഉപകാരപ്രദമാവും
വി. എസ്. ജോയ്. തവനൂർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |