SignIn
Kerala Kaumudi Online
Sunday, 26 July 2026 7.15 AM IST

ആതവനാട് ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും*

മലപ്പുറം: സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ആതവനാട് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂറിന്റെ പ്രതിനിധി എ.കെ.മുസ്തഫ മലപ്പുറം ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. 69 കോടി രൂപ ചെലവിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസം, ചികിത്സ, തെറാപ്പി, കൗൺസലിംഗ് യൂണിറ്റുകൾ, വൊക്കേഷണൽ ട്രെയിനിംഗ്, സ്‌പെഷ്യൽ സ്‌കൂളുകൾ തുടങ്ങി ഭിന്നശേഷി വിഭാഗത്തിന്റെ സർവതോന്മുക വികസനത്തിന് ഉതകുന്ന രീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിക്കായി പ്രാഥമിക ഘട്ടത്തിൽ അഞ്ചു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയ്ക്കും സമീപ ജില്ലകൾക്കും പ്രയോജനം കിട്ടുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നടപ്പിലാക്കും. മലപ്പുറം ജില്ലയിൽ സംസ്ഥാനത്ത് തന്നെ ആദ്യമായി ഭിന്നശേഷി വിവരശേഖരണത്തിനായി എം സഹജീവനം എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ യോഗത്തിൽ അറിയിച്ചു.
ജില്ലയിലെ എല്ലാ സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുനരാരംഭിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. ദേശീയപാതയിൽ ടോൾ ബൂത്തിന് സമീപമുള്ള ആളുകളെയും ദിവസേന സർവീസ് നടത്തുന്ന ബസുകളെയും ടോളിൽ നിന്ന് ഒഴിവാക്കണം. തിരൂർ നിയോജക മണ്ഡലത്തിലെ പി.ഡബ്ള്യു.ഡി റോഡുകളിൽ മാഞ്ഞ സീബ്രാലൈനുക പുനഃസ്ഥാപിക്കണമെന്നും എം.എൽ.എ.ആവശ്യപ്പെട്ടു.
. മഞ്ചേരികോഴിക്കോട് റൂട്ടിൽ ഒൻപതു പുതിയ സർവീസുകൾ കൂടി രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ് പോർട്ട് ഓഫീസർ യോഗത്തിൽ അറിയിച്ചു. ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. അഡ്വ.എം.റഹ്മത്തുള്ളയാണ് വിഷയമുന്നയിച്ചത്.
താനൂർ ഗവ.കോളേജ്, താനൂർ സിമെറ്റ് നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ മതിയായ ക്ലാസ് റൂമുകൾ ഇല്ലാത്ത സാഹചര്യമുണ്ടെന്ന് പി.കെ.നവാസ് എം.എൽ.എ അറിയിച്ചു.
ചങ്ങരംകുളം ടൗൺ നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടിയെടുക്കണമെന്ന് ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി.യുടെ പ്രതിനിധി ഇബ്രാഹിം മുതൂർ ആവശ്യപ്പെട്ടു.

നടപടികൾ

  • ഉണ്യാൽ, ചുങ്കം പ്രദേശങ്ങളിൽ മതിയായ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
  • ജില്ലയിൽ ആരോഗ്യമേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.
  • ദീർഘദൂര ബസുകൾക്ക് സർവീസ് റോഡിൽ കയറുന്നതിനാവശ്യമായ സൗകര്യം ഇപ്പോഴില്ലെന്നും വിഷയംചർച്ച ചെയ്യാൻ ബുധനാഴ്ച യോഗം ചേരുമെന്നും മലപ്പുറം ആർ.ടി.ഒ യോഗത്തിൽ അറിയിച്ചു.
  • ജൽജീവൻ പദ്ധതിയുടെ ഭാഗമായി തിരൂർ നിയോജക മണ്ഡലത്തിൽ തകർന്ന റോഡുകൾ ഡിസംബറോടെ പുനരുദ്ധരിക്കും.


ജൽജീവൻ പദ്ധതിക്കായി പൊളിച്ച ജില്ലാ പഞ്ചായത്ത് റോഡുകൾ വേഗത്തിൽ പുനരുദ്ധരിക്കണം. ജില്ലയിലെ സ്‌കൂളുകളിൽ അദ്ധ്യാപക നിയമനം വേഗത്തിലാക്കണം

പി.എ.ജബ്ബാർ ഹാജി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL