മലപ്പുറം: സംസ്ഥാനത്തെ പ്രധാന നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രളയക്കെടുതി നേരിടുന്ന മലപ്പുറത്തിന് ആശ്വാസം. പ്രളയ ലഘൂകരണ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട മൂന്ന് നദികളിൽ നിന്നായി 115 ലക്ഷം ക്യൂബിക് മീറ്റർ മണൽ വാരാമെന്ന് സർക്കാർ ഏജൻസികളുടെ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനത്തോടെ ഒരുവർഷത്തോളമായി നിലച്ചുകിടക്കുന്ന പദ്ധതിയുടെ തുടർനടപടികളിലേക്ക് റവന്യൂ വകുപ്പും ജിയോളജിയും കടന്നിട്ടുണ്ട്. പത്ത് വർഷത്തിലധികമായി ഈ നദികളിൽ നിന്ന് മണലെടുപ്പ് നിറുത്തിവച്ചിരിക്കുകയായിരുന്നു.
നദികളിൽ മണലും ചെളിയും കെട്ടിക്കിടക്കുന്നത് മഴക്കാലത്ത് ജലനിരപ്പ് ഉയരാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. 11 ജില്ലകളിലെ 17 നദികളിൽ നിയന്ത്രിത മണൽവാരൽ അനുമതി നൽകാനാണ് മന്ത്രിസഭായോഗ തീരുമാനം. പദ്ധതി നടപ്പാക്കാൻ റവന്യൂ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയിരുന്നു.
മൈനിംഗ് ആൻഡ് ജിയോളജി അനുമതി നിർബന്ധം
പ്രാരംഭത്തിൽ ജില്ലാ കളക്ടറും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധിയും അടങ്ങുന്ന സമിതിക്കായിരുന്നു ചുമതല.
എന്നാൽ പുതിയ ഭേദഗതി പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ മുൻകൂർ അനുമതി കൂടി നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം, പുഴകളിൽ നിന്ന് വീണ്ടും മണൽ വാരുന്നത് ഭൂജലവിതാനം കൂടുതൽ താഴാൻ ഇടയാക്കുമെന്നും കടുത്ത കുടിവെള്ളക്ഷാമത്തിന് വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
പുഴ .............. ആകെ മണൽ നിക്ഷേപം .......... നീക്കം ചെയ്യുക
ഭാരതപ്പുഴ..... 211 ലക്ഷം ക്യൂബിക് മീറ്റർ ........ 99.09 ലക്ഷം ക്യൂബിക് മീറ്റർ
കടലുണ്ടി ....... 4.16 ലക്ഷം ക്യൂബിക് മീറ്റർ ....... 1.33 ലക്ഷം ക്യൂബിക് മീറ്റർ
ചാലിയാർ...... 8.95 ലക്ഷം ക്യൂബിക് മീറ്റർ ....... 5.40 ലക്ഷം ക്യൂബിക് മീറ്റർ
( ആദ്യഘട്ടത്തിൽ മണൽവാരൽ ആരംഭിക്കാൻ മൂന്ന് പുഴകളിലുമായി 25 കടവുകൾ സർവേയിൽ കണ്ടെത്തിയിട്ടുണ്ട് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |