
തിരൂർ: നഗരത്തിൽ തകർന്ന റോഡുകൾ നന്നാക്കാതെ അധികൃതർ. ചെറിയ കുഴികൾ രൂപപ്പെട്ട് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതോടെ ദിവസങ്ങൾക്കകം ഇവ വലിയ കുഴികളായി മാറുകയാണ്.
പൊറ്റേത്ത പടി - മാങ്ങാട്ടിരി റോഡ്, ബസ് സ്റ്റാൻഡ് - ചെമ്പ്ര റോഡ്, തൃക്കണ്ടിയൂർ - കെ.ജി. പടി റോഡ്, തൃക്കണ്ടിയൂർ- പൂങ്ങോട്ടുകുളം റോഡ്, താഴെപ്പാലം - ബി.പി. അങ്ങാടി റോഡ് തുടങ്ങി നിരവധി റോഡുകളാണ് കുണ്ടും കുഴികളുമായി കിടക്കുന്നത്. തൃക്കണ്ടിയൂർ - ടെമ്പിൾ റോഡ് വർഷങ്ങളായി തകർന്നു തരിപ്പണമായ അവസ്ഥയിലാണ്.
ഭാരതപുഴയിൽ നിന്നും തിരൂർ വാട്ടർ അതോറിറ്റിയിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ ഇടക്കിടെ പൈപ്പ് പൊട്ടും. കുഴിയെടുത്ത് റോഡിന്റെ അവസ്ഥ പരിതാപകരമായിട്ടുണ്ട്.
തൃക്കണ്ടിയൂർ ടെമ്പിൾ റോഡ് നവീകരണത്തിനായി 23 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും റോഡിലെ കുഴികൾ നികത്തിയിട്ടില്ല. കട്ടപതിക്കാനായി റോഡ് മുഴുവൻ ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിട്ടതോടെ വെള്ളം നിറഞ്ഞ് തോടായ അവസ്ഥയാണ്. കട്ട പതിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്. കട്ട പതിക്കുന്നതോടെ പ്രശ്നത്തിന് ശാശ്വതപരിഹാരമാവുമെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ ജല അതോറിറ്റിയുടെ പ്രധാനപ്പെട്ട പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ ഇനിയും പൈപ്പ് തകർന്നാൽ വീണ്ടും കട്ടപൊളിച്ചു കുഴിയെടുക്കേണ്ടിവരും. പൊറ്റെത്തപടിയിൽ നിന്നും മാങ്ങാട്ടിരി റോഡിന്റെ പല ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി വരുന്ന റോഡിന്റ പല ഭാഗങ്ങളും തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാങ്ങാട്ടിരി - അന്നാര പ്രദേശങ്ങളിലേക്ക് ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡുകളുടെ ദയനീയ സ്ഥിതി ഇനിയും തുടരുകയാണെങ്കിൽ നഗരസഭക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |