മഞ്ചേരി : നറുകരയിൽ വാടകവീട് കുത്തിതുറന്ന് 13.7 പവൻ സ്വർണാഭരണം കവർന്നു. കൊല്ലം സ്വദേശിയും കൂട്ടിലങ്ങാടി പഞ്ചായത്ത് സീനിയർ ക്ലാർക്കുമായ എം.ദേവുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആഗസ്റ്റ് 22നും 30നും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ദേവുവും കുടുംബവും അവധിക്ക് കരുനാഗപള്ളിയിലെ സ്വന്തം വീട്ടിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കിടപ്പുമുറിയിൽ ഷെൽഫിൽ ഹാൻഡ് ബാഗിൽ സൂക്ഷിച്ചതായിരുന്നു സ്വർണം. വസ്ത്രങ്ങൾ വാരി വലിച്ചിട്ടിരുന്നു. ഒന്നര മാസം മുൻപായിരുന്നു ദേവു വീട് വാടകയ്ക്ക് എടുത്തത്. മഞ്ചേരി നഗരസഭയിൽനിന്ന് അടുത്തിടെയാണ് കൂട്ടിലങ്ങാടിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കഴിഞ്ഞ ജൂലായ് ഒൻപതിനു മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ ദിവാകരന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷണം പോയിരുന്നു. വീട്ടുകാർ ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് ഷെൽഫിൽ സൂക്ഷിച്ച സ്വർണം കവർന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഈ മോഷണത്തിന് തുമ്പായില്ല. വീടിന്റെ 200 മീറ്റർ അകലെയാണ് വീണ്ടും മോഷണം. തുടർച്ചയായി മോഷണം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സമാന രീതിയിലാണ് ഇരു വീടുകളിലും മോഷണം. ദിവാകരന്റെ വീട്ടിൽ നിന്ന് സി.സി ടി.വി വീഡിയോ റിക്കോർഡർ ഉൾപ്പെടെയാണ് മേഷണം പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |