SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

സൊസൈറ്റി പേരിന് മാത്രം: വരുമാനമില്ലാതെ ആദിവാസികൾ

കാളികാവ്: ആദിവാസികളുടെ ജീവിത നിലവാരവും വരുമാനവും ഉറപ്പാക്കാൻ രൂപീകരിച്ച സൊസൈറ്റി ആദിവാസികൾക്ക് പ്രയോജനം ചെയ്തില്ല. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഊരായ ചോക്കാട് പഞ്ചായത്തിലെ നാൽപ്പത് സെന്റ് ഊരിലാണ് 1969ൽ ആദിവാസികൾക്കായി പട്ടികവർഗ്ഗ ക്ഷേമ സൊസൈറ്റി രൂപീകരിച്ചത്. ഓരോ കുടുംബത്തിനും രണ്ടേക്കർ തെങ്ങ്,​ ഒരേക്കർ റബർ എന്നിങ്ങനെ മൂന്നേക്കർ വീതം വീതിച്ചു നൽകിയിരുന്നു. വരുമാനം ആദിവാസികൾക്കുള്ളതാണ്.കൃഷി നടത്തിപ്പും വരുമാനവും കൈകാര്യം ചെയ്യുന്നതിനാണ് സൊസൈറ്റി രൂപീകരിച്ചത്. ഇതിലിപ്പോഴും കൃഷി നടക്കുന്നുണ്ടെങ്കിലും ഒരു രൂപ പോലും ആദിവാസികൾക്ക് ലഭിക്കുന്നില്ല.

അഞ്ചു വർഷം മുമ്പ് ഇരുപതോളം ഏക്കറിലെ റബർ മരങ്ങൾ സൊസൈറ്റിയുടെ കീഴിൽ മുറിച്ചു മാറ്റി. ഇതിൽ നിന്ന് 25 ലക്ഷത്തോളം രൂപ സൊസൈറ്റിക്ക് ലഭിച്ചെങ്കിലും വിഹിതം ആദിവാസികൾക്ക് നൽകുകയോ റീപ്ലാന്റിംഗ് നടത്തുകയോ ചെയ്തിട്ടില്ല.

വരുമാനമാർഗ്ഗമായ റബർ,​തെങ്ങ് എന്നിവ സൊസൈറ്റി പാട്ടത്തിന് നൽകുകയാണ് ചെയ്യുന്നത്. പാട്ടത്തിനെടുക്കുന്നവരിൽ നിന്ന് മുൻകൂറായി പണം പറ്റുന്നുണ്ട്.

സൊസൈറ്റിക്കു കീഴിലെ 150 ഏക്കറോളം ഭൂമിക്ക് നികുതി പോലും അടയ്ക്കാതെ ലക്ഷങ്ങൾ കുടിശ്ശികയാണിപ്പോൾ. സഹകരണ വകുപ്പിന്റെ സാങ്കേതിക തടസ്സം കാരണം ലേലം ചെയ്യാനാവാത്തതിനാൽ ആയിരത്തോളം റബർ മരങ്ങളിൽ നിന്ന് ഇപ്പോൾ ടാപ്പിംഗ് നടത്തുന്നില്ല. ഈ വർഷം മുതൽ ടാപ്പിംഗ് മുടങ്ങിയതോടെ ആ വരുമാനവും നിലച്ചു.

സൊസൈറ്റികൊണ്ട് തങ്ങൾക്ക് ഇപ്പോൾ ഒരുപ്രയോജനവുമില്ലെന്നാണ് ആദിവാസികൾ പറയുന്നത്. തേങ്ങയും റബറും സൊസൈറ്റിക്കാരാണ് എടുക്കുന്നതെന്നും ഐ.ടി.ഡി.പിയും പട്ടിക വർഗ്ഗ ക്ഷേമ സൊസൈറ്റിയുംതിരിഞ്ഞു നോക്കുന്നില്ലെന്നും

ആദിവാസികൾ ആരോപിക്കുന്നു.

സൊസൈറ്റി നോക്കുകുത്തിയായതോടെ വന വിഭവങ്ങൾ ശേഖരിച്ചും കൂലിപ്പണി ചെയ്തുമാണ് ആദിവാസികൾ ഉപജീവനം നടത്തുന്നത്.

രണ്ടു വർഷം മുമ്പ് ആദിവാസികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി വിഭാവനം ചെയ്ത പി.എം ജൻ പദ്ധതിയും നടപ്പാക്കിയിട്ടില്ല.

പി.എം. ജൻ പദ്ധതിക്ക് മുന്നോടിയായി നാൽപ്പത് സെന്റ് ആദിവാസികളുടെ ദുരിതവും അടിസ്ഥാന സൗകര്യമില്ലായ്മയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചോക്കാട് മുൻ വില്ലേജ് ഓഫീസർ ബി സി ബിജു ജില്ലാ കളക്ടർക്കു നേരത്തെ നൽകിയിട്ടുണ്ട്. ഇതിലും നടപടിയൊന്നുമെടുത്തിട്ടില്ല.

ആദിവാസികളുടെ ഉന്നമനത്തിനായി രൂപീകരിച്ച പട്ടിക വർഗ്ഗ ക്ഷേമ സൊസൈറ്റിയും ഐ.ടി ഡി.പിയും പേരിനു മാത്രം പ്രവർത്തിക്കുന്നവരാണ്. പല കുടുംബങ്ങളും വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തവരാണ്. വന്യമൃഗങ്ങളിൽനിന്നുള്ള സുരക്ഷയും ജീവിക്കാനുള്ള മാർഗ്ഗവും ഞങ്ങൾക്കുണ്ടാകണം.

വെള്ളൻ, ഊരു മൂപ്പൻ.

സൊസൈറ്റിക്കുകീഴിലുള്ള ഭൂമിയിൽ നിന്ന് ചെലവു കഴിച്ച് മിച്ചം ഒന്നുമില്ലാത്ത അവസ്ഥയാണ്.തെങ്ങിൽ നിന്ന് ആദിവാസികൾ തന്നെ തേങ്ങയിട്ട് കടത്തുന്ന അവസ്ഥയാണ്. ബാക്കിയുള്ള റബർ മരത്തിൽ ടാപ്പിംഗ് നടത്താനും കഴിയുന്നില്ല. ജീവനക്കാർക്ക് ശമ്പളവുമില്ല. ഭൂനികുതി പോലും കുടിശ്ശികയാണ്.

ടി.കെ രാമചന്ദ്രൻ,​സൊസൈറ്റി സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL