SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

കാലവർഷം കനത്താൽ ഉറക്കമില്ലാത്ത രാത്രികൾ

കാളികാവ്: മുന്നിൽ കുത്തിയൊലിക്കുന്ന പുഴ. പിന്നിൽ ഉയർന്നു നിൽക്കുന്ന മല. കാലവർഷം കനത്താൽ ഉറക്കമില്ലാത്ത രാത്രികളാണ് കാളികാവ് അടക്കാക്കുണ്ട് പട്ടാണി തരിശിലെ ആദിവാസികൾക്ക്. സുരക്ഷിതവും വാസയോഗ്യവുമായ വീടുകൾ പോലുമില്ലാത്ത പത്തിലേറെ കുടുംബങ്ങളാണ് ഇവിടെയുള്ളത്.
അതിവർഷവും മണ്ണിടിച്ചിൽ ഭീതിയും നിലനിൽക്കുമ്പോൾ പട്ടാണി തരിശ് ആദിവാസി ഊരിലെ കുടുംബങ്ങളെ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി പാർപ്പിക്കാറാണ് പതിവ്.
വീടിനോട് ചേർന്ന് കുത്തൊഴുക്കുള്ള പുഴയാണ് പ്രധാന ഭീഷണി. പുഴയുടെ ഭിത്തി ഇടിഞ്ഞാലും അപകടത്തിനു കാരണമാകും. വീടുകൾക്ക് തൊട്ടടുത്തു കൂടിയാണ് പുഴ ഒഴുകുന്നത്. അതിവർഷമുണ്ടാവുമ്പോൾ അപകടകരമായ അവസ്ഥയിലാണ് പുഴ ഒഴുകാറുള്ളത്. പുഴയ്ക്കു കുറുകെ ഒരു നടപ്പാലം മാത്രമാണ് പുറത്ത് കടക്കാനുള്ള മാർഗ്ഗം.
പ്രായോഗിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കാരണം ഇടയ്ക്കിടെ മാറ്റിപ്പാർപ്പിക്കുന്ന ഏർപ്പാടിന് ചിലപ്പോഴൊന്നും കുടുംബങ്ങൾ വഴങ്ങാറില്ല.
ഇവർ താമസിക്കുന്ന വീടിനു തൊട്ടുപിന്നിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പുല്ലങ്കോടൻ മലയുണ്ട്. മലയുടെയും പുഴയുടെയും ഇടയിൽ അമ്പത് മീറ്ററോളം വരുന്ന സ്ഥലത്താണ് കൊച്ചു വീടുകളിൽ കുടുംബങ്ങൾ കഴിയുന്നത്.
കാലങ്ങളായി ഇവർ അനുഭവിക്കുന്ന ദുരിതവും ഭീതിയും പല പ്രാവശ്യവും ഉന്നതാധികാരികൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.

പുനരധിവസിപ്പിക്കുന്നില്ല

  • അതീവ സുരക്ഷാ ഭീഷണി നേരിടുന്ന ഇവിടത്തെ കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് പുനരധിവസിപ്പിക്കുമെന്ന് പല സന്ദർഭങ്ങളിലായി ഭരണ കൂടം പ്രഖ്യാപിച്ചതാണ്. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.
  • ഇവർ താമസിക്കുന്ന വീടുകൾ പലതും ജീർണ്ണിച്ചവയാണ്.
  • പുറത്ത് നിന്ന് വരുമ്പോൾ പുഴയ്ക്ക് കുറുകെ പഴക്കം ചെന്ന ഒരു കോൺക്രീറ്റ് നടപ്പാലമാണ്.ഇത് തകർന്നാൽ വർഷകാലത്ത് പുറത്ത് കടക്കാൻ യാതൊരു മാർഗ്ഗവുമുണ്ടാവില്ല.
  • കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
  • ഒന്നും ചെയ്യാതെ, എല്ലാ വർഷവും തങ്ങളെ കൂട്ടത്തോടെ ആട്ടിതെളിക്കുന്ന പരിപാടിക്ക് ഇനി നിന്നു കൊടുക്കാനാവില്ലെന്ന് ആദിവാസിയായ മാതിയുടെ മകൻ അയ്യപ്പൻ പറഞ്ഞു.

പട്ടാണി തരിശ് ആദിവാസികളുടെ കാര്യത്തിൽ പഞ്ചായത്തിൽ ചർച്ച നടന്നിട്ടുണ്ട്. അവർ മാറിതാമസിക്കാൻ തയ്യാറായാൽ അവരെ കൈവശ രേഖയടക്കമുള്ള സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ പഞ്ചായത്തിന് സാധിക്കും. ആദിവാസിഊരുകളിലെ ശോച്യാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അബ്‌ദുറഹ്മാൻ അഞ്ചച്ചവിടി

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL