SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

മൂന്ന് ദിവസം തങ്ങണം, സഞ്ചാരികൾക്ക് നിലമ്പൂരിനെ അനുഭവിക്കാൻ കഴിയണം

നിലമ്പൂർ: നിലമ്പൂരിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സഞ്ചാരികളെ കൂടുതൽ ദിവസം തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് വിദഗ്ദ്ധർ. സഞ്ചാരികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനൊപ്പം സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കണമെന്നും ഡെസ്റ്റിനേഷൻ സമ്മിറ്റിലെ പാനൽ ചർച്ചയിൽ നിർദ്ദേശം ഉയർന്നു. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി ടൂറിസം സാദ്ധ്യത സംബന്ധിച്ച് വിഷയാവതരണം നടത്തി. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഉമ്മർകോയ മേഡറേറ്ററായി.

ടൂറിസം വളരണം, നേട്ടം

നാട്ടുകാർക്കും ലഭിക്കണം

പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവം പ്രകടമാകുന്ന നിലമ്പൂരിന് ടൂറിസം രംഗത്ത് വലിയ സാദ്ധ്യതകളുണ്ടെന്ന് നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഉമ്മർകോയ പറഞ്ഞു. വിവിധ ജനവിഭാഗങ്ങൾക്ക് നേരിട്ട് സാമ്പത്തിക നേട്ടം ലഭിക്കുന്ന തരത്തിലാകണം നിലമ്പൂരിലെ ടൂറിസം വികസനം. കുംഭാരൻ നഗറിലെ മൺപാത്ര നിർമ്മാണത്തൊഴിലാളികൾ ഒരുക്കുന്ന ഉൽപ്പന്നങ്ങളെ മികച്ച ടൂറിസം ഉൽപ്പന്നങ്ങളാക്കി മാറ്റാനാവും. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും പരമ്പരാഗത തൊഴിലുകൾക്കും ടൂറിസം മേഖലയിലൂടെ വിപണി കണ്ടെത്താനാകണം. ഇതുവഴി പ്രാദേശിക സമൂഹത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ടൂറിസം വികസനത്തിന്റെ ഗുണഫലം കൂടുതൽ പേരിലെത്തിക്കാനും സാധിക്കും. ആദിവാസി വിഭാഗങ്ങൾ, ചാലിയാറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തോണിക്കാർ, തേൻ ശേഖരിച്ച് ജീവിക്കുന്നവർ തുടങ്ങിയ സാധാരണ ജനവിഭാഗങ്ങളെയും ടൂറിസം വികസനത്തിന്റെ ഭാഗമാക്കണം. അവരുടെ ജീവിതവും തൊഴിലും സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിക്ക് അവസരമൊരുക്കുന്ന രീതിയിലായിരിക്കണം നിലമ്പൂരിലെ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതെന്നും ഉമ്മർകോയ പറഞ്ഞു.


ഇല്ലാത്തത് 'എക്സ്‌പോഷർ'

തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ചാലിയാർ, വന സൗന്ദര്യം, പ്രകൃതിസൗന്ദര്യം ആവോളമുള്ള നിലമ്പൂരിൽ ഇല്ലാത്തത് 'എക്സ്‌പോഷർ' മാത്രമാണെന്ന് നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ജോസഫ് കെ. മരാട്ടുകളം പറഞ്ഞു. ബന്ദിപ്പൂർ, മുതുമല എന്നിവിടങ്ങളിലെല്ലാം സഫാരിക്ക് നിയന്ത്രണങ്ങളുണ്ട്. ബാംഗ്ലൂർ, മൈസൂർ, തെലങ്കാന, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ആളുകൾ സഫാരി ലക്ഷ്യമിട്ടെത്തുന്നത്. ഇത്തരം സാഹചര്യത്തിൽ നിലമ്പൂർ സഫാരിയുടെ പ്രാധാന്യവും ഏറുകയാണ്. ഹോട്ടൽ, ഹോം സ്‌റ്റേ, റിസോർട്ട് ബുക്കിംഗ് എന്നിവയിലെല്ലാം വലിയ മുന്നേറ്റത്തിലേക്ക് ഇത് നയിക്കും. ഇതിനെല്ലാം സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. നിലമ്പൂരിൽ എത്തുന്നവർക്ക് കാടുകളിലൂടെയുള്ള യാത്ര സാദ്ധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് സമ്പൂർണ്ണ വികസനം സാദ്ധ്യമാകും

നിലമ്പൂരിൽ ടൂറിസം മേഖലയിലെ മുന്നേറ്റം ഒരു പ്രദേശത്തിന്റെ തന്നെ സമ്പൂർണ്ണ വികസനത്തിലേക്കാണ് വഴിതുറക്കുക എന്ന് നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി അഭിപ്രായപ്പെട്ടു. പ്രാദേശികമായി വിവിധ തൊഴിലുകളെ ആശ്രയിക്കുന്നവരുടെ സാമ്പത്തിക മുന്നേറ്റത്തിനും ടൂറിസത്തിലെ പുരോഗതി വഴിയൊരുക്കുമെന്നും നിലമ്പൂരിൽ സഞ്ചാരികൾക്ക് ഹൃദ്യമായ നിരവധി കാഴ്ച്ചകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'നൽകേണ്ടത് മികച്ച അനുഭവം'

നിലമ്പൂരിൽ എത്തിച്ചേരുന്നവർക്ക് മികച്ച അനുഭവങ്ങൾ നൽകാൻ സാധിക്കുകയാണ് പ്രധാനമെന്ന് അമൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ.പി.ജെനീഷ് ബാബു അഭിപ്രായപ്പെട്ടു. നിലമ്പൂർ മണ്ഡലത്തിൽ 100 രജിസ്‌ട്രേഡ് ഹോം സ്‌റ്റേകളാണ് അമൽ കോളേജ് ടൂറിസം വിഭാഗം ലക്ഷ്യമിടുന്നത്. ഭാവിയിൽ ടൂറിസം മേഖലയ്ക്ക് അനന്ത സാദ്ധ്യതകളുണ്ടെന്നിരിക്കെ കൂടുതൽ വിദ്യാർത്ഥികൾ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് എത്തണം. ഒരു പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം ഉന്നയിച്ചു.

'ആദ്യഘട്ടം മാസ്റ്റർ പ്ലാൻ'

നിലമ്പൂരിന്റെ ടൂറിസം വികസനത്തിന് മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരുമായി ചർച്ച ചെയ്ത് മികച്ച മാസ്റ്റർ പ്ലാൻ തയ്യാക്കുകയാണ് ആദ്യഘട്ടമെന്ന് ഫാത്തിമാ അർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം വിഭാഗം മേധാവി ഫിലിപ് നൈനാൻ പറഞ്ഞു. നിലമ്പൂരിലെത്തുന്ന സഞ്ചാരികൾ സന്ദർശിച്ച് പോവുക എന്നതിനപ്പുറത്തേക്ക് മൂന്ന് ദിവസമെങ്കിലും താമസിച്ച് കാണാനുള്ള തരത്തിൽ ടൂറിസം വികസിപ്പിക്കണം. നമ്മുടെ നാട്ടിലെ റിസോഴ്സുകൾക്ക് മികച്ച വിപണി സാദ്ധ്യത ഉണ്ടാക്കിയെടുക്കുന്നത് സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിക്കും. ഡെസ്റ്റിനേഷൻ ബ്രാൻഡുണ്ടാക്കി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ സദസ്സിൽ നിന്നുയർന്ന പ്രധാന നിർദ്ദേശങ്ങൾ

-ഓഫ് റോഡ് ടൂറിസം പ്രോത്സാഹിപ്പിക്കണം. ഔദ്യോഗിക ഓഫ് റോഡ് ട്രാക്കുകൾ ഒരുക്കണം.
-അഡ്വഞ്ചർ പാർക്ക് വികസിപ്പിക്കണം.
- കനോലിപ്ലോട്ട് കേന്ദ്രീകരിച്ച് മൃഗശാല സ്ഥാപിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL