നിലമ്പൂർ: മലബാറിന്റെ ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. കേരള ട്രാവൽ മാർട്ട് (കെ.ടി.എം) നടക്കാത്ത വർഷം മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിച്ച് മലബാറിലെ ടൂറിസം സാദ്ധ്യതകൾ രാജ്യാന്തര തലത്തിൽ പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളകൗമുദിയും ഡ്രീംമർച്ചന്റ് ഫിലിം പ്രൊഡക്ഷൻ കമ്പനിയും സംയുക്തമായി നിലമ്പൂർ ടീക്ക് ടൗണിൽ സംഘടിപ്പിച്ച ഡെസ്റ്റിനേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചിയിൽ രണ്ടു വർഷത്തിലൊരിക്കലാണ് കെ.ടി.എം നടക്കുന്നത്. കെ.ടി.എം നടക്കാത്ത വർഷം മലബാറിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സ്ഥാപനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വലിയ പരിപാടിയായി മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ഭാവി ടൂറിസത്തിലാണ്. ഭൂമിയുടെ ലഭ്യതക്കുറവും ജനസാന്ദ്രതയും പാരിസ്ഥിതിക പ്രശ്നങ്ങളും വലിയ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് പരിമിതിയാകുന്ന സാഹചര്യത്തിൽ തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനും വിദേശനാണ്യം നേടാനും ടൂറിസത്തിന് വലിയ സാദ്ധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ അഡ്വഞ്ചർ, ഫാം, അഗ്രി, ഹെറിറ്റേജ്, ആയുർവേദ അധിഷ്ഠിത വെൽനസ് ടൂറിസം മേഖലകളിൽ വലിയ സാദ്ധ്യതയുണ്ട്. കേരളത്തിന്റെ ആയുർവേദത്തിന് ആഗോളതലത്തിൽ സവിശേഷമായ സ്ഥാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിലും മാറ്റമുണ്ടായിട്ടുണ്ട്. ബ്രിട്ടനും അമേരിക്കയ്ക്കും പിന്നാലെ ജർമ്മനിക്കായിരുന്നു മൂന്നാം സ്ഥാനം. ഇപ്പോൾ ഒമാനാണ് മൂന്നാം സ്ഥാനത്ത്. മൺസൂൺ കാലത്തും അറബ് സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ മഴക്കാലത്തും റിസോർട്ടുകൾ സജീവമാകുകയാണ്. സഞ്ചാരികളുടെ എണ്ണത്തേക്കാൾ അവർ കേരളത്തിൽ ചെലവഴിക്കുന്ന ദിവസങ്ങളും തുകയും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ആയുർവേദ ചികിത്സയ്‌ക്കെത്തുന്നവർ ഏഴ് മുതൽ 21 ദിവസം വരെ താമസിക്കുന്നതിനാൽ പ്രാദേശിക വിപണിക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ഇതിന്റെ ഗുണം ലഭിക്കും. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ വരുംവർഷങ്ങളിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും നിലവിലുള്ള സ്ഥാപനങ്ങൾ മതിയാകാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ച് യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലമ്പൂർ ടൂറിസം ഓർഗനൈസേഷന്റെയും അമൽ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെയും സഹകരണത്തോടെയാണ് ഡെസ്റ്റിനേഷൻ സമ്മിറ്റ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |