നിലമ്പൂർ: കേരളത്തിന്റെ ടൂറിസം ഹബ്ബായി മാറാനുള്ള എല്ലാ സാദ്ധ്യതയും നിലമ്പൂരിനുണ്ടെന്ന് വി.എസ്.ജോയ് എം.എൽ.എ. കേരളകൗമുദിയും ഡ്രീം മർച്ചന്റ് ഫിലിം പ്രൊഡക്‌ഷൻ കമ്പനിയും സംയുക്തമായി നിലമ്പൂർ വടപുറം ടീക് ടൗൺ റിസോർട്ടിൽ സംഘടിപ്പിച്ച ഡെസ്റ്റിനേഷൻ സമ്മിറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു. പിന്നീട് ഗൾഫ് മേഖലയിലേക്ക് മാറിയെങ്കിലും സ്വദേശിവൽക്കരണത്തോടെ സ്ഥിതി മാറി. വരാൻ പോകുന്ന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ടൂറിസം മേഖലയെ ആശ്രയിച്ചായിരിക്കും.
നമ്മുടെ നാടിന്റെ പൈതൃകയും സംസ്‌ക്കാരവും തനിമയും പരസ്പര പൂരകങ്ങളാണ്. വയനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശം, മനോഹരമായ മലഞ്ചെരുവ്, പുഴ, വനം, തോട്, ഊട്ടിയിലേക്കുള്ള ഇടത്താവളം. ആയുർവേദത്തിന്റെ ഈറ്റില്ലം, മനോഹരമായ കടൽത്തീരം എന്നിങ്ങനെ ടൂറിസം മേഖലയുടെ മുന്നേറ്റത്തിനുള്ള അനന്ത സാദ്ധ്യതകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇവ പ്രയോജനപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമായി മലബാറിന് മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |