നിലമ്പൂർ: മലബാറിന്റെ ടൂറിസം വികസന സാദ്ധ്യതകൾ ചർച്ച ചെയ്ത് നിലമ്പൂരിൽ ഡെസ്റ്റിനേഷൻ സമ്മിറ്റ്. കേരളകൗമുദിയും ഡ്രീം മർച്ചന്റ് ഫിലിം പ്രൊഡക്‌ഷൻ കമ്പനിയും സംയുക്തമായി ടീക്ക് ടൗണിൽ സംഘടിപ്പിച്ച സമ്മിറ്റിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു. മലബാറിലെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും മേഖലയുടെ വികസനത്തിന് ആവശ്യമായ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനുമാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. നിലമ്പൂർ ടൂറിസം ഓർഗനൈസേഷന്റെയും അമൽ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷത വഹിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനുള്ള കേരളകൗമുദിയുടെ പുരസ്‌കാരങ്ങൾ ഗോൾഡ് ട്രീ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർമാരായ ഷാജി അയ്യപ്പൻ, സുരേഷ് അയ്യപ്പൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി എൻ.ബിജു ദേവ, അറബ് വിംഗ്സ് ഇന്റർനാഷണൽ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ കെ.പി.എം. ബഷീർ, ഇവ ഹോംസ്റ്റേ മാനേജിംഗ് ഡയറക്ടർ ജെസ്സി തോമസ്, വൈറ്റമിൻ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് എന്നിവർക്ക് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് സമ്മാനിച്ചു.
വി.എസ്. ജോയ് എം.എൽ.എ മുഖ്യാതിഥിയായി. നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, അമൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.പി.മുഹമ്മദ് ബഷീർ, എൻ.ടി.ഒ പ്രസിഡന്റ് ജോസഫ് കെ. മാറാട്ടുകളം, കേരളകൗമുദി റിപ്പോർട്ടർ ടി.എ.രാജഗോപാൽ സംസാരിച്ചു. ബ്യൂറോ ചീഫ് ഷാബിൽ ബഷീർ സ്വാഗതവും എൻ.ടി.ഒ വർക്കിംഗ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |