SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.30 AM IST

തുലാവർഷത്തിലും ആശ്വാസമില്ല; മലപ്പുറത്ത് ഇപ്പോഴും 22% മഴക്കമ്മി!

  • വേനലിന് മുൻപേ കുടിവെള്ളക്ഷാമത്തിന് സാദ്ധ്യത

മലപ്പുറം: ഇടവിട്ട് പെരുമഴ പെയ്തിറങ്ങിയിട്ടും മലപ്പുറത്തിന്റെ മഴക്കമ്മി നികന്നില്ല. തുലാവർഷത്തിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 22 ശതമാനത്തിന്റെ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയ്ക്കും ഈ കുറവ് നികത്താനായിട്ടില്ല. മഴക്കുറവ് ഇതേപടി തുടർന്നാൽ വേനലിന് മുൻപേ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. കാർഷിക മേഖലയ്ക്കും തിരിച്ചടിയാവും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബർ ഒന്ന് മുതൽ 24 വരെ ജില്ലയിൽ 191.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ടത് 245.2 മില്ലീമീറ്ററാണ്. 53.3 മില്ലീമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട്, ഇടുക്കി ജില്ലകളിലും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാസർകോട് 29 ശതമാനവും ഇടുക്കിയിൽ 22 ശതമാനവുമാണ് കുറവ്. അതേസമയം, കേരളത്തിൽ മൊത്തത്തിൽ മഴയുടെ കുറവ് ആറ് ശതമാനം മാത്രമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ലഭിക്കേണ്ട മഴയിൽ 19 ശതമാനത്തിൽ കൂടുതൽ കുറവുണ്ടായാലാണ് അതിനെ 'മഴക്കുറവ്' ആയി കണക്കാക്കുന്നത്. സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട 244.4 മില്ലീമീറ്ററിനു പകരം 230.1 മില്ലീമീറ്റർ മഴ ലഭിച്ചു.

കൃഷിക്കും തിരിച്ചടി

തുലാവർഷത്തിലെ മഴക്കുറവ് കാർഷിക മേഖലയ്ക്കും വെല്ലുവിളിയാണ്. രണ്ടാംവിള നെൽകൃഷിയുടെ വളർച്ചയ്ക്കും തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകൾക്കും ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിൽ മഴയ്ക്ക് നിർണായക പങ്കുണ്ട്. മഴ ലഭ്യത കുറഞ്ഞാൽ കൃഷിക്കാവശ്യമായ ജല ലഭ്യതയെയും അത് ബാധിക്കും. ജലസ്രോതസ്സുകളിൽ ആവശ്യത്തിന് വെള്ളം സംഭരിക്കാനാകാത്ത സാഹചര്യം വരൾച്ചയുടെ ആഘാതം വർദ്ധിപ്പിച്ചേക്കും.

ജില്ല.........................ലഭിച്ച മഴ (മി.മീ.)................ലഭിക്കേണ്ടത് (മി.മീ.)................വ്യതിയാനം
തിരുവനന്തപുരം:...226.9 ..................................... 210.8................................... +8%
കൊല്ലം:................... 246.2 ...................................... 273.1.................................. -10%
പത്തനംതിട്ട: .........303.7 ....................................... 280.7 .................................. +8%
ആലപ്പുഴ:................ 241.3 ...................................... 260.8 ................................... -7%
കോട്ടയം:.................. 257.5 ...................................... 273.5 ................................. -6%
ഇടുക്കി: .................... 236.1 ...................................... 302.6 ............................... - 22%
എറണാകുളം:.......... 251.5 ..................................... 281.3 ............................... -11%
തൃശ്ശൂർ: ..................... 234.0 .................................... 274.5 ............................... -15%
പാലക്കാട്: ................. 210.6 ................................... 184.9 ............................. +14%
മലപ്പുറം:...................... 191.9 .................................. 245.2 .............................. - 22%
കോഴിക്കോട്:.............. 262.8 .................................. 234.1 ............................... +12%
വയനാട്: ..................... 234.7 ................................... 166.0 ............................... +41%
കണ്ണൂർ: ........................ 202.3 .................................. 215.8 ................................ - 6%
കാസർകോട്:................135.6 ................................... 192.1 ................................. -29%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL