SignIn
Kerala Kaumudi Online
Thursday, 24 September 2026 8.11 AM IST

സർക്കാ‌ർ, സ്വകാര്യ ഡോക്ടർമാർ കൈകോർത്ത് രക്ഷിച്ചത് രണ്ട് ജീവൻ

മണ്ണാർക്കാട്: അടിയന്തിര ഘട്ടത്തിൽ പരസ്പരം സഹകരിച്ച സർക്കാർ, സ്വകാര്യ ആശുപത്രി ഡോക്ടർമാ‌ർ രക്ഷിച്ചത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ. ചികിത്സ രംഗത്ത് സർക്കാർ, സ്വകാര്യ മേഖലകൾ പരസ്പരം മത്സരിക്കുന്നുവെന്ന പൊതുചിന്ത സമൂഹത്തിൽ നിലനിൽക്കുമ്പോഴാണ് സർക്കാർ ഡോക്ടറുടെ മനസാന്നിധ്യവും സ്വകാര്യ ആശുപത്രി ഡോക്ടറുടെ അനുഭവ സമ്പത്തും കൈകോർത്ത് രണ്ട് ജീവനുകളെ തിരികെ പിടിച്ചത്. മണ്ണാർക്കാട് ന്യൂ അൽമ ആശുപത്രി എം.ഡി ഡോ. കെ.എ.കമ്മപ്പയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡോ. കലയുമാണ് മാതൃകയായത്.

സംഭവം ഇങ്ങനെ: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ തെങ്കര ചിറപ്പാടം സ്വദേശിനിയായ 23 കാരിക്ക് സിസേറിയൻ വേണ്ട സാഹചര്യം ഉണ്ടാകുന്നു. ഗൈനക്കോളജി ഡോക്ടർ കലയുടെ നേതൃത്വത്തിൽ സിസേറിയൻ ആരംഭിച്ചെങ്കിലും യുവതിയുടെ നില പെട്ടെന്ന് വഷളാകുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുന്ന നില വരുന്നു. പരിഭ്രാന്തിയുടെ നിമിഷങ്ങൾ. എന്നാൽ മനസാന്നിദ്ധ്യം കൈവിടാതെ ഡോ. കല ഉടൻ ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള ഡോ. കെ.എ.കമ്മപ്പയെ ഫോണിൽ വിളിക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കമ്മപ്പ തന്റെ ആശുപത്രിയിലെ തിരക്കുകൾ മാറ്റിവച്ച് രണ്ട് സഹപ്രവർത്തകരെയും കൂട്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ലേബർ റൂമിൽ എത്തിയ ഡോ. കമ്മപ്പ ഡോ. കലയോടൊപ്പം രക്ഷാദൗത്യം തുടങ്ങി. ഡോക്ടർമാരുടെ പരിശ്രമത്തോടൊപ്പം ഈശ്വരാനുഗ്രഹവും ചേർന്നതോടെ സിസേറിയൻ വിജയകരമായി പൂർത്തിയായി. നിലവിൽ അമ്മയും കുഞ്ഞും പൂർണ
ആരോഗ്യത്തോടെ ഇരിക്കുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു നിന്ന് രണ്ട് ജീവൻ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യത്തോടെ ലേബർ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ഡോ. കമ്മപ്പയുടെ അനുഭവ സമ്പത്തിന് നന്ദി പറഞ്ഞ് ഡോ. കലയും താലൂക്ക് ആശുപത്രിയിലെ സഹപ്രവർത്തകരും. അതേസമയം നിർണായക ഘട്ടത്തിലും മനസാന്നിദ്ധ്യം വിടാതെ പ്രവർത്തിച്ച ഡോ. കലയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഡോ. കമ്മപ്പയും.

പേരിൽ സർക്കാർ, സ്വകാര്യം എന്നെല്ലാം വേർതിരിവുണ്ടെങ്കിലും ഒരു പ്രതിസന്ധി വരുമ്പോൾ അതൊന്നും ഒരു തടസമല്ലെന്നും പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാൽ നിരവധി ജീവൻ തിരിച്ച് പിടിക്കാൻ കഴിയുമെന്നുമുള്ള വലിയൊരു സന്ദേശമാണ് ഇതിലൂടെ തെളിയുന്നത്. ഗൈനക്കോളജി രംഗത്തെ ഡോ. കമ്മപ്പയുടെ അനുഭവ സമ്പത്ത് നിർണായക നിമിഷത്തിൽ തുണയായി.

ഡോ. കല, താലൂക്ക് ആശുപത്രി, മണ്ണാർക്കാട്

പ്രതിസന്ധിഘട്ടത്തിൽ തളരാതെ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് ഡോക്ടർമാർക്കുണ്ടാകേണ്ടത്. അതിന് ഡോ. കലയെ പ്രത്യേകം അഭിനന്ദിക്കുന്നു.

ഡോ. കെ.എ. കമ്മപ്പ, എം.ഡി, ന്യൂ അൽമ ഹോസ്പിറ്റൽ, മണ്ണാർക്കാട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL