പാലക്കാട്: കഴിഞ്ഞ വർഷം പാലക്കാട് ജില്ലയിൽ ലഹരി മരുന്ന് കൈവശം വയ്ക്കൽ, വിൽപ്പന, കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 2454 പേർ. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 2408 കേസ്. ലഹരി ഉപയോഗിച്ചതിന് മാത്രം 2169 പേരെ അറസ്റ്റ് ചെയ്ത പൊലീസ് വൻതോതിൽ ലഹരി മരുന്നുകളും പിടിച്ചെടുത്തു. രജിസ്റ്റർ ചെയ്ത ലഹരി കേസുകളിൽ വാണിജ്യ അളവിലുള്ള 33 കേസുകളും 123 ഇടത്തരം കേസുകളും ചെറിയ അളവിൽ ലഹരി പിടികൂടിയ 83 കേസുകളും ഉൾപ്പെടുന്നു. ജില്ലയിലേക്ക് പ്രവേശിക്കുന്ന ട്രെയിനുകൾ, അന്തർ സംസ്ഥാന ബസുകൾ, ടൂറിസ്റ്റ് ബസുകൾ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ, പ്രധാന ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, മയക്കുമരുന്ന് ഹോട്ട് സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ ഡാൻസാഫിന്റ സഹായത്തോടെ തുടർച്ചയായ പരിശോധനകൾ നടത്തുന്നുണ്ട്.
പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
വീണ്ടും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ മുൻ കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി, 11 പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. കൂടാതെ മൂന്ന് പ്രതികളുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ മരവിപ്പിച്ച് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു. 3 പ്രതികളുടെ വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന 12 അക്കൗണ്ടുകൾ മരവിപ്പിച്ചു. രണ്ട് കേസിൽ പ്രതികളുടെ സ്വത്തുക്കളും രണ്ട് വാഹനങ്ങളും കണ്ടുകെട്ടി. മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ട 23 വാഹനങ്ങൾ ജില്ല പോലീസ് മേധാവി ആർ.ആനന്ദ് അദ്ധ്യക്ഷനായ ഡ്രഗ്ഗ് ഡിറ്റക്ഷൻ കമ്മിറ്റി(ഡി.ഡി.സി) ലേലം നടത്തി തുക സർക്കാരിലേക്ക് കണ്ടുകെട്ടി.
ബോധവത്കരണം
ലഹരിക്കെതിരെ ബോധവത്കരണത്തിനായി 165 സ്‌കൂളുകളിലും 64 കോളേജുകളിലുമായി പൊലീസ്, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരടങ്ങിയ യോദ്ധാവ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തി തുടർച്ചയായി ബോധവത്കരണം നടത്താനുമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സുരക്ഷ നൽകുന്നതിനായി 591 സ്കൂളിലും, 125 കോളേജിലുമായി പ്രധാന അദ്ധ്യാപകരും അതാത് സ്‌റ്റേഷൻ എസ്.എച്ച്.ഒമാരും ഉൾപ്പെടുന്ന സ്‌കൂൾ/കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞ വർഷം 783 ബോധവത്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |