പാലക്കാട്: മെഡികെയർ ഫാർമസിയിൽ മരുന്നുകൾക്ക് ഈടാക്കുന്നത് പല വിലയെന്ന് ആക്ഷേപം. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നെബുലൈസർ മാസ്‌കിന് 100 രൂപ ഈടാക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ 120 രൂപയാണ് വില. ഓക്സിജൻ മാസ്ക് , പാരസെറ്റാമോൾ, അണ്ടർ പാഡ്, ഈസി ഫിക്സ്, ഈസി ഗ്ലൈഡ്, ടോപ് ഒ പ്ലാസ്റ്റ് തുടങ്ങി നിരവധി മരുന്നുകളിൽ ഈ നിരക്ക് വ്യത്യാസം പ്രകടമാണ്.
മരുന്നു കമ്പനികളെ വഴിവിട്ട് സഹായിക്കാൻ ജീവനക്കാർ നടത്തുന്ന ആസൂത്രിത നീക്കമാണ് വില വ്യത്യാസത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനികളെ പിൻതള്ളിയാണ് കമ്മിഷനും ഓഫറുകളും നൽകുന്ന കമ്പനികളുടെ മരുന്നുകൾ പല വിലക്ക് വാങ്ങുന്നത്. ഡോക്ടർ കുറിച്ചു നല്കുന്ന വില കുറവുള്ള മരുന്നുകൾക്ക് പകരം മരുന്നു കമ്പനികളുടെ താത്പര്യപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് മരുന്നുകൾ നൽകുന്നതും ഇവിടെ പതിവാണ്. സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ന്യായവിലക്ക് മരുന്നു ലഭ്യമാക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഫാർമസി പ്രവർത്തനത്തിന് ആശുപത്രികളിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്.
ആലത്തൂർ, കുഴൽമന്ദം, നെന്മാറ, ചിറ്റൂർ, കോട്ടത്തറ എന്നിവിടങ്ങളിലും മെഡികെയർ ഫാർമസിക്ക് ശാഖകളുണ്ട്. മെഡികെയറിന്റെ ചെയർമാൻ ജില്ലാ കളക്ടറും ജില്ലാ ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയുമാണ്. ഡോക്ടർ കുറിച്ചുനല്കുന്ന മരുന്നുകൾ ലഭ്യമാക്കാനും നിരക്കുകളിലെ വ്യത്യാസം ഏകീകരിക്കാനുമുള്ള ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം അടുത്ത എച്ച്.എം.സി യോഗത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ ബോബൻ മാട്ടുമന്ത വ്യക്തമാക്കി.
മരുന്നുവില-(ജില്ലാ ആശുപത്രി, വനിത/ ശിശു ആശുപത്രി ക്രമത്തിൽ)
നെബുലൈസർ മാസ്ക് 120; 100
ഓക്സിജൻ മാസ്ക് 70; 100
പാരസെറ്റമോൾ (100 എം.എൽ) 100;150
അണ്ടർപാഡ് 50; 56
ഈസി ഫിക്സ് 20; 25
ഈസി ഗ്ലൈഡ് 30; 25
ടോപ് ഒ പ്ലാസ്റ്റ് 150; 306
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |