വാളയാർ: ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനി ജനകീയ നിർദ്ദേശ പ്രകാരം. വാളയാറിൽ ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) തുഗ്ലക് പരിഷ്‌കാരങ്ങൾ ജനങ്ങളെ വലച്ച സാഹചര്യത്തിലാണ് വിഷയത്തിൽ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ഇടപെടൽ.
വാളയാർ-പാലക്കാട് ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത വിധം നടത്തുന്നകിനെക്കുറിച്ച് ആലോചിക്കാൻ ഇന്ന് പ്രത്യേക യോഗം ചേരും. പുതുശ്ശേരി പഞ്ചായത്ത് ആണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10ന് നായനാർ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ ദേശീയപാത വികസന അതോറിറ്റിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കും. വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ ഉയരുന്ന പരാതികളും നിർദേശങ്ങളും പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിലുള്ള അപാകതകൾ പരിഹരിക്കുകയും തുടർപ്രവർത്തനങ്ങൾ യോഗ തീരുമാനത്തിന് അനുസൃതമായി നടത്തുകയും ചെയ്യും. ദേശീയ പാതയിൽ ഹൈവേ അതോറിറ്റി ഏകപക്ഷീയമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത പരിഷ്‌കാരങ്ങൾ ഗതാഗത സംവിധാനം തന്നെ അലങ്കോലമാകാൻ കാരണമായി. റോഡരുകിൽ ചാല് കീറിയത് അപകട ഭീഷണിയായി മാറി. വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വഴിയില്ലാതായി. ജനങ്ങളുടെ ഈ പരാതി ജൂൺ ഒന്നിന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കരളകൗമുദി വാർത്ത സഹിതം നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് വിപുലമായ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. യോഗത്തിൽ ദേശീയപാത വികസന അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നും പ്രദേശവാസികളിൽ നിന്ന്
ഉയർന്ന് വരുന്ന അഭിപ്രായം മുഖവിലക്കെടുത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗത ക്രമീകരണങ്ങളും നടത്തുമെന്നും വി.ബിജോയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |