SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.22 AM IST

കേര കർഷകർ പ്രതിസന്ധിയിൽ

coconut
പച്ചത്തേങ്ങ

വാളയാർ: നാളികേരത്തിന് ന്യായവില കിട്ടാതെ കേരകർഷകർ പ്രതിസന്ധിയിൽ. വിപണിയിൽ കാര്യമായി വില കുറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കച്ചവടക്കാർ നാളികേരം കർഷകരിൽ നിന്നും വാങ്ങുന്നത്. രാസവളത്തിനും ജൈവവളത്തിനും വില വർദ്ധിച്ചിട്ടുണ്ട്. തെങ്ങിന്റെ തടം കീറൽ, വെള്ളം നനയ്ക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള കൂലിയും കൂടി. നാളികേരം ഇടാൻ ആളെ കിട്ടാത്ത സ്ഥിതിയാണ്. വരുന്നവർക്ക് ഉയർന്ന കൂലി നൽകണം. ഇങ്ങിനെ ഉത്പാദന ചെലവിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുമ്പോഴാണ് ഉൽപ്പന്നത്തിന് വില ഇടിഞ്ഞിരിക്കുന്നത്. ഇടനിലക്കാരായ കച്ചവടക്കാരാണ് വില നിർണയിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന കച്ചവടക്കാർക്ക് അവർ ചോദിക്കുന്ന വിലയ്ക്ക് നാളികേരം വിൽക്കാൻ നിർബന്ധിതരാവുകയാണ്. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊള്ളാച്ചി, കോയമ്പത്തൂർ മാർക്കറ്റുകളിൽ കൊണ്ടുപോയി ഉയർന്ന വിലയ്ക്ക് വിൽക്കുകയാണിവർ ചെയ്യുന്നത്.

ചില്ലറ വിപണിയിൽ പച്ചത്തേങ്ങ കിലോഗ്രാമിന് 50 മുതൽ 55 രൂപ വരെ വിലയുണ്ട്. പ്രാദേശിക വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും ഇത് 65 രൂപ മുതൽ 70 രൂപ വരെയാണ്. എന്നാൽ കർഷകർക്ക് കിട്ടുന്നത് കിലോഗ്രാമിന് 40 രൂപയിൽ താഴെയാണ്. പുതുശ്ശേരി പഞ്ചായത്തിൽ ചെറുകിട ഇടത്തരം നാളികേര കർഷകരാണ് കൂടുതലുള്ളത്. വൻകിട കർഷകരെ പോലെ കൊപ്രയാക്കിയും വെളിച്ചെണ്ണയാക്കിയും വിൽപ്പന നടത്താനുള്ള സമയമോ സൗകര്യമോ ഇവർക്കില്ല. തെങ്ങിൻ തോപ്പുകളിൽ കൂട്ടിയിട്ടിരിക്കുന്ന പച്ചത്തേങ്ങൾ കച്ചവടക്കാർക്ക് നൽകി പെട്ടെന്ന് പണമാക്കി മാറ്റേണ്ട സാമ്പത്തിക സാഹചര്യമാണ് ഇവർക്കുള്ളത്. ഈ അവസ്ഥ കച്ചവടക്കാർ മുതലെടുക്കുകയാണ്. നാളികേരം സംഭരിക്കാൻ ഇവിടെ പദ്ധതികളില്ലാത്തതാണ് കർഷകരെ വലക്കുന്നത്.

കേര കർഷകരെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാർ ഇടപെട്ട് കർഷകരിൽ നിന്ന് പച്ച തേങ്ങ സംഭരിക്കണം. പച്ചത്തേങ്ങയ്ക്ക് താങ്ങുവില നിശ്ചയിക്കുകയും വേണം. എങ്കിൽ മാത്രമേ കേരകർഷകർക്ക് ഈ രംഗത്ത് പിടിച്ച് നിൽക്കാൻ കഴിയുകയുളളു.

-എൻ.ബാബു, അട്ടപ്പള്ളം നാളികേര ഉത്പാദക സംഘം പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL