മുതലമട: തൃശൂർ-പൊള്ളാച്ചി അന്തർ സംസ്ഥാനപാതയിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾക്കിടയിൽ ഇന്നലെ വീണ്ടും ഒരു മരം വീണു. പോത്തമ്പാടം ഇരട്ടപൊറ്റയിലെ സ്വകാര്യ കമ്പനിയുടെ മുൻവശത്ത് നിൽക്കുന്ന പഴക്കമുള്ള പുളിമരമാണ് ശക്തമായ മഴയിൽ ഒടിഞ്ഞ് മറിഞ്ഞ് വീണത്. റോഡിന്റെ ഒരു ഭാഗം പൂർണമായും അടഞ്ഞു. മരം കമ്പനിയുടെ ഗേറ്റിനും മതിലിനും മുകളിലേക്കാണ് വീണത്. ഒഴിവ് ദിവസമായതിനാൽ കമ്പനിയിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. എങ്കിലും വാഹനങ്ങൾക്ക് കുഴികളിൽ പെട്ട് പൊടുന്നനെ സാവധാനം പോകേണ്ട അവസ്ഥയാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
ഒരുമാസം മുൻപ് മരങ്ങളുടെ അപകടാവസ്ഥ ചൂണ്ടികാണിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ പിറ്റേ ആഴ്ച്ച ഉള്ള് പൊള്ളയായ ഭീമൻ മരം മറിഞ്ഞ് വീണിരുന്നു. എന്നിട്ടും മറ്റ് മരങ്ങൾ നീക്കാൻ അധികൃതർ നാളിതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
60 ലധികം മരങ്ങൾ ജനങ്ങൾക്ക് ഭീഷണി
മുതലമട മുതൽ തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരം വരെ റോഡിൽ 60ലധികം വൻമരങ്ങൾ അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. മിക്കതും 65 വർഷത്തിലധികം പഴക്കമുള്ളവയാണ്. ഇവയുടെ വേരുകൾ പൊട്ടിയും ഉള്ള് പൊള്ളയായി ദ്രവിച്ചും റോഡിലേക്ക് ചാഞ്ഞുമാണ് നിൽക്കുന്നത്. കാമ്പ്രത്ത്ചള്ള, കറുവക്കോട്, പോത്തമ്പാടം, മുതലമടസ്‌കൂൾ പരിസരം എന്നിവിടങ്ങളിലും അപകട സാധ്യതയുള്ള മരങ്ങളുണ്ട്. വൈദ്യുതി ലൈനുകളോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ വലിയ അപകടത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
മരങ്ങളുടെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചു അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞദിവസം കൂടി ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെയും ദ്യോഗസ്ഥരെയും ധരിപ്പിച്ചതാണ്. ഭാഗ്യത്തിന് ആളാപായ മുണ്ടായില്ല.2 ലക്ഷം രൂപയിലധികം നാശനഷ്ട്ടം കണക്കാക്കുന്നു.
-അർഷാദ് പോത്തമ്പാടം, ഇരട്ടപൊട്ട, മുതലമട, കമ്പനി ഉടമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |