പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് നിരാശപ്പെടുത്തുന്നതാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ചില അനുകൂല നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും സ്വകാര്യ ബസുകൾ നേരിടുന്ന കനത്ത നഷ്ടം നികത്താൻ ശുപാർശ ചെയ്യുന്ന മാർഗങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ഗോപിനാഥ് വ്യക്തമാക്കി. സ്വകാര്യ ബസ് മേഖല ഉറ്റുനോക്കിയിരുന്നത് ടിക്കറ്റ് നിരക്ക് വർദ്ധനവായിരുന്നുവെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. 2022ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സർവീസുകൾ നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011ന് ശേഷം മാറ്റിയിട്ടുമില്ല. ഡീസൽ വിലയും സ്‌പെയർ പാർട്സ് വിലയും കുതിച്ചുയർന്നിട്ടും യാത്രാനിരക്ക് പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല. സ്വകാര്യ ബസ് വ്യവസായം നിലനിർത്താൻ ചാർജ് വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് ബസുടമകൾ പറഞ്ഞു.
ബസുകളുടെ ഫിറ്റ്നസ് കാലാവധി 25 വർഷമായി ഉയർത്തിയത് വലിയ ആശ്വാസമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ വർഷം 22 വർഷത്തെ കാലാവധി പൂർത്തിയാക്കി സർവീസ് നിറുത്താനിരുന്ന ബസുകൾക്ക് മൂന്നുവർഷം കൂടി ആയുസ് നീട്ടിക്കിട്ടുന്നത് സ്വന്തം കൈയ്യിലെ പണം കൂടുതൽ നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ. ഇപ്പോഴത്തെ കനത്ത നഷ്ടം സഹിച്ച് എങ്ങനെ മൂന്നുവർഷം കൂടി സർവീസ് മുന്നോട്ടുകൊണ്ടുപോകുമെന്നതാണ് ആശങ്ക.
സ്വകാര്യ ബസ് വ്യവസായം നിലനിറുത്താൻ ആവശ്യമായ അടിസ്ഥാനപരമായ പരിഹാരങ്ങൾ ഒന്നും റിപ്പോർട്ടിലില്ല. സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ച ശേഷം സംഘടന വിശദമായി പരിശോധിക്കും. ബസുടമാ സംഘടനകളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.
സ്വകാര്യ ബസുകളെ ഏറ്റെടുക്കുന്നതിൽ ശുഭപ്രതീക്ഷ
സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ശുപാർശയെ സംഘടന സ്വാഗതം ചെയ്തു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പൂർണമായി ലഭ്യമാകാത്തതിനാൽ ഔദ്യോഗിക ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമേ നയപരമായ ഗുണദോഷങ്ങൾ വിലയിരുത്താൻ കഴിയൂ. ബസുകളിൽ പരസ്യം അനുവദിക്കാമെന്ന ശുപാർശയിൽ പുതുമയൊന്നുമില്ല. സ്വകാര്യ ബസുകൾക്ക് ഇതിനകം തന്നെ പരസ്യം ചെയ്യാനുള്ള അനുമതിയുണ്ട്. എല്ലാ ബസുകളും പരസ്യത്തിനായി ശ്രമിച്ചാൽ വിപണിയിൽ നിന്ന് അത്രയധികം പരസ്യങ്ങൾ ലഭിക്കുമോ എന്നത് സംശയകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |