വാളയാർ: എലപ്പുള്ളിയിലേക്ക് തിരിച്ച് വരാനൊരുങ്ങി ഒയാസിസ് കമ്പനി. സർക്കാരിന്റെ പുതിയ മദ്യനയം തിരിച്ചുവരവിന് കളമൊരുക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. എലപ്പുള്ളി പഞ്ചായത്തിൽ എഥനോൾ ബ്രൂവറി യൂണിറ്റ് സ്ഥാപിക്കാൻ കമ്പനി വാങ്ങിയ 24 ഏക്കർ സ്ഥലം അവിടെ കമ്പനിയുടെ പേരിൽ തന്നെ നിലനിറുത്തിയിരിക്കുന്നത് ഈ പ്രതീക്ഷയിലാണ്. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും കമ്പനി പ്രതിനിധികൾ ചർച്ചകൾ തുടരുന്നുണ്ട്. നിയമപരമായ തടസ്സങ്ങൾ മാറ്റാൻ കഴിയുമെന്ന നിയമോപദേശമാണ് അഭിഭാഷകരിൽ നിന്ന് വന്നിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കമ്പനി കരുതുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് എലപ്പുള്ളി മണ്ണ്കാട്ടിൽ എഥനോൾ ബ്രൂവറി തുടങ്ങാൻ ഒയാസിസ് കമ്പനി എത്തിയത്. യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ശക്തമായ രാഷ്ട്രീയ എതിർപ്പ് ഉണ്ടായിരുന്നു. നിയമ തടസ്സവുമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പ്ലാന്റ് വരുന്നതിനെ ശക്തമായി എതിർത്തിരുന്ന യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ എലപ്പുള്ളിയിലേക്ക് ബ്രൂവറി തിരിച്ച് വരില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിൽ ഒയാസിസ് പ്ലാന്റ് തുടങ്ങി. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ പ്ലാന്റ് തുടങ്ങാൻ പ്രാരംഭ നടപടികളും ആരംഭിച്ചു. ഇതോടെ സ്ഥലം വിറ്റ് കമ്പനി എലപ്പുള്ളി വിടുമെന്ന് കരുതി സ്ഥലം വാങ്ങാനായി ഇടനിലക്കാർ വഴി പലരും കമ്പനിയെ സമീപിച്ചെങ്കിലും സ്ഥലം വിൽക്കുന്നില്ലെന്ന മറുപടിയാണ് കിട്ടിയത്. സാങ്കേതിക കാരണങ്ങളുടെ പേരിലാണ് കോടതിയിൽ തിരിച്ചടിയുണ്ടായത്. നടപടി ക്രമങ്ങൾ പാലിച്ച് പുതിയ അപേക്ഷ നൽകിയാൽ സ്വീകരിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് പ്രകാരം പുതിയ അപേക്ഷ സമർപ്പിച്ച് നിയമ കുരുക്ക് ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. എൽ.എഡി.എഫ് സർക്കാരിന്റെ പദ്ധതിയായതിനാലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്ലാന്റ് തുടങ്ങിയത് കൊണ്ടും രാഷ്ട്രീയ എതിർപ്പിന് സാധ്യതയില്ലെന്ന പ്രതീക്ഷയാണ് കമ്പനി വെച്ചുപുലർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |