വാളയാർ: വാളയാർ ഡാമിന്റെ പരിസരത്തെ അമ്പതേക്കറോളം കൃഷിയിടങ്ങൾ ഉണക്ക് ഭീഷണിയിൽ. വാളയാർ ഡാമിന് താഴെയുള്ള പുതുശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പരമാനന്ദൻ ചള്ള, മടത്ത്കാട് ചള്ള എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം എത്താത്തത്. കഴിഞ്ഞ ദിവസം കൃഷി ആവശ്യത്തിനായി വെള്ളം തുറന്നെങ്കിലും മറ്റ് കൃഷിയിടങ്ങളിലേക്ക് വെള്ളം പോകുന്നത് നോക്കി നെടുവീർപ്പിടാൻ മാത്രമെ ഇവിടുത്തെ കർഷകർക്ക് കഴിയുന്നുള്ളു. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്താൻ ചാലുകളില്ലാത്തതാണ് പ്രശ്നം. കൃഷി ഭൂമികളിൽ നേരിട്ട് വെള്ളം എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ കമാന്റ് ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റി (കാഡ)ഇവിടെ പണ്ട് ചാലുകൾ നിർമ്മിച്ചിരുന്നു. ഈ കാഡ ചാലുകൾ വഴിയാണ് ഇവിടുത്തെ കൃഷിയിടങ്ങളിൽ വെള്ളം എത്തിയിരുന്നത്. പിന്നീട് കാഡ പദ്ധതി നിലച്ചതോടെ ഈ ചാലുകളിൽ അറ്റകുറ്റ പണികൾ ഒന്നുമുണ്ടായില്ല. ക്രമേണ ചാലുകൾ നികന്ന് പോയി. ഇപ്പോൾ വാളയാർ ഡാമിലെ വെള്ളം ഈ കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്. ഇതിന് മുകളിലുള്ള കൃഷിയിടങ്ങൾ ഒരു സ്വകാര്യ കമ്പനിയുടെ കൈവശത്തിലാണ്. അവർ കൃഷി ഭൂമി തരിശിട്ടിരിക്കുകയാണ്. ഡാമിലെ വെള്ളം ഈ തരിശ് ഭൂമിയിലേക്കാണ് ഒഴുകുന്നത്. ഇവിടം നിറഞ്ഞ് കവിഞ്ഞ് വേണം പരമാനന്ദൻ ചള്ളയിലെയും മടത്ത് കാട് ചള്ളയിലെയും കൃഷിയിടങ്ങളിൽ വെള്ളം എത്താൻ. അപ്പോഴേക്കും പലപ്പോഴും ഡാം അടച്ചിട്ടുണ്ടാകും. കാഡ ചാൽ ഉള്ള കാലത്ത് നല്ല രീതിയിൽ കൃഷി ചെയ്തിരുന്ന ഇവിടുത്തെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറെ സീസണായി കൃഷിയുണക്കം പതിവാണ്. ഇത്തവണയും ഇവിടെ കർഷകർ കൃഷിയിറക്കിയിട്ടുണ്ട്. പക്ഷെ വിള കൊയ്‌തെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ല. കാഡ ചാലുകൾ പുനർ നിർമ്മിക്കണമെന്ന ആവശ്യം മുതിർന്ന കർഷകൻ അപ്പുക്കുട്ടന്റെ നേതൃത്വത്തിൽ കർഷകർ ഗ്രാമ സഭയിൽ ഉന്നയിച്ചിരുന്നു. പക്ഷെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കാഡ ചാലുകൾ പുനർ നിർമ്മിക്കുകയോ പുതിയ കനാൽ നിർമ്മിക്കുകയോ ചെയ്യണമെന്ന് പുതുശ്ശേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സതീശൻ വട്ടപ്പാറ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |