SignIn
Kerala Kaumudi Online
Monday, 05 October 2026 3.02 AM IST

മുന്നറിയിപ്പുമായി കേരള പൊലീസ്; ‌സൈബർ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നു

cybercrime
.

പാലക്കാട്: ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരയുന്നവർ ശ്രദ്ധിക്കണം, ബാങ്കുകളുടെയും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയും വ്യാജ നമ്പറുകൾ നൽകി ലക്ഷങ്ങൾ തട്ടുന്ന സൈബർ ക്രിമിനലുകൾ നിങ്ങൾക്കായി വലവിരിച്ചിട്ടുണ്ട്. ചെറിയൊരു അശ്രദ്ധ മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെടാൻ.

തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സഹായം തേടി ഈ നമ്പറുകളിൽ വിളിക്കുന്നവരെ കസ്റ്റമർ സപ്പോർട്ട് ഏജന്റുമാരെന്ന വ്യാജേനയാണ് വലയിലാക്കുന്നത്. പരാതികൾ വേഗം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഫോണുകളിൽ റിമോട്ട് ആക്സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത്തരം ആപ്പുകൾ ഫോണിൽ എത്തുന്നതോടെ ഉപകരണത്തിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും.

 അഞ്ച് രൂപയുടെ ചതിക്കുഴി

ഇരകളെ കുടുക്കാൻ തട്ടിപ്പുകാർ ആദ്യം സ്വീകരിക്കുന്ന മാർഗം രജിസ്‌ട്രേഷൻ ഫീസായി ചെറിയ തുക ആവശ്യപ്പെടുന്നതാണ്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ അഞ്ച് രൂപ അടയ്ക്കാൻ ആവശ്യപ്പെടും. ഈ തുക കൈമാറുന്നതിനായി ബാങ്ക് വിവരങ്ങൾ നൽകുമ്പോൾ സ്‌ക്രീൻ ഷെയറിംഗ് ആപ്പിലൂടെ പാസ്‌വേഡും ഒ.ടി.പിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തും. നിമിഷനേരം കൊണ്ട് അക്കൗണ്ടിലെ മുഴുവൻ പണവും ഇവർ കവർന്നെടുക്കും.

 വേണം ജാഗ്രത
ഇന്റർനെറ്റിലൂടെ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളെ അന്ധമായി വിശ്വസിക്കരുത്. സേവനദാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ മാത്രം ഉപയോഗിക്കണം. അപരിചിതരുടെ നിർദ്ദേശപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ എന്നിവ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഫോൺ വിളിക്കുന്ന വ്യക്തിയുടെ സംസാരത്തിൽ സംശയം തോന്നിയാൽ ഉടനെ സംഭാഷണം അവസാനിപ്പിക്കണം. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർ ഒട്ടും സമയം പാഴാക്കാതെ തന്നെ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930ൽ വിളിച്ചോ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (www.cybercrime.gov.in) വഴിയോ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CYBER FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL