SignIn
Kerala Kaumudi Online
Monday, 05 October 2026 3.02 AM IST

1.62 കോടിയുടെ സോളാർ തൂക്കുവേലി പാഴായി

kattana
മുതലമട ഗ്രാമ പഞ്ചായത്തിൽ പലകപ്പാണ്ടി കനാൽ ഭാഗത്ത് മാവിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനകൾ.

 പലകപ്പാണ്ടിക്ക് സമീപം പകൽ പോലും കാട്ടാനക്കൂട്ടം

മുതലമട: കാട്ടാന ശല്യം തടയാൻ സർക്കാർ 1.62 കോടി രൂപ മുടക്കി സ്ഥാപിച്ച സോളാർ തൂക്കുവേലി പൂർണ പരാജയമായി. കഴിഞ്ഞ ദിവസം പകൽ പലകപ്പാണ്ടി വെള്ളച്ചാട്ടത്തിനടുത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെയാണ് കോടികൾ മുടക്കിയ പദ്ധതിയുടെ പൊള്ളത്തരം പുറത്തായത്. മുതലമടയിലെ സ്വകാര്യ വ്യക്തിയുടെ മാവിൻ തോട്ടത്തിലാണ് ഒറ്റയാനടക്കം രണ്ട് കാട്ടാന നിലയുറപ്പിച്ചത്. തൊട്ടടുത്ത് സോളാർ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾ അനായാസം മറികടന്ന് കൃഷിയിടത്തിൽ എത്തി. ഇപ്പോൾ പകൽ സമയത്ത് പോലും ആനകൾ എത്തുന്നത് മലയോര ജനതയെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടികളെ സ്‌കൂളിൽ വിടാനും കർഷകർക്ക് കൃഷിയിടത്തിലേക്ക് പോകാനും പേടിയാണ്.

 കാവലുണ്ട്, പക്ഷെ ഫലമില്ല

മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലായി വനംവകുപ്പ് സംഘം കാവൽ ഉണ്ടെങ്കിലും കാര്യമില്ലെന്ന് കർഷകർ പറയുന്നു. പകൽ വാച്ചർമാർ ഉണ്ടെങ്കിലും രാത്രിയിൽ ആനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. തെങ്ങ്, മാവ്, വാഴ, നെല്ല്, പച്ചക്കറി കൃഷികൾ ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഒരു രാത്രി കൊണ്ട് വർഷങ്ങളായി പരിപാലിച്ചു വന്ന കൃഷിയാണ് ഇല്ലാതാകുന്നത്. നഷ്ടപരിഹാരമായി കിട്ടുന്നതാകട്ടെ തുച്ഛമായ തുകയും.

കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങി കർഷകർ
തുടർച്ചയായ നഷ്ടം സഹിക്കാനാവാതെ മലയോര മേഖലയിലെ നിരവധി കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. പലരും സ്ഥലം വിറ്റ് മറ്റൊരിടത്തേക്ക് താമസം മാറാനുള്ള ആലോചനയിലാണ്. 1.62 കോടി മുടക്കി സ്ഥാപിച്ച വേലി വെറും കാഴ്ചവസ്തുവായി മാറി. ശരിയായ അറ്റകുറ്റപ്പണി ഇല്ല, പലയിടത്തും കമ്പി പൊട്ടിക്കിടക്കുന്നു, വൈദ്യുത പ്രവാഹമില്ല. ഇത്രയും തുക മുടക്കിയിട്ടും എന്തുകൊണ്ട് ആനകളെ തടയാൻ കഴിയുന്നില്ല എന്ന് അന്വേഷിക്കണമെന്നും കൂടുതൽ ശാസ്ത്രീയവും ശക്തവുമായ പ്രതിരോധ മാർഗ്ഗങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL