വാളയാർ: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് പൂർത്തീകരിക്കാൻ ചിറ്റൂർ എം.എൽ.എയുടെ ഇടപെടൽ. മൂന്നാം ഘട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട വലിയേരി ഭാഗത്തെ 198 ഏക്കർ ഏറ്റെടുക്കുന്ന വിഷയത്തിലാണ് സുമേഷ് അച്യുതൻ എം.എൽ.എ ഇടപെട്ടത്. വലിയേരി കർഷക സമിതിയുടെ അഭ്യർത്ഥന മാനിച്ചാണിത്. മലമ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. വിഷയം മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി കർഷകർക്ക് ഭൂമി വില ലഭിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സുമേഷ് അച്യുതൻ കർഷക പ്രതിനിധികൾക്ക് ഉറപ്പ് നൽകി. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള നിവേദനവും കർഷകർ എം.എൽ.എയ്ക്ക് കൈമാറി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മലമ്പുഴ എം.എൽ.എ എ.പ്രഭാകരന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടന്നത്. 1710 ഏക്കർ ഭൂമിയാണ് മൊത്തം കണ്ടെത്തിയത്. ഇതിൽ 1450 ഏക്കർ ഏറ്റെടുത്തു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഭൂമി ഏറ്റെടുത്തത്.
വലിയേരി ഭാഗത്തെ 198 ഏക്കറും ദേശീയ പാത പരിസരത്തെ പതിനഞ്ച് ഏക്കറുമാണ് ഏറ്റെടുക്കാനുള്ളത്. ബാക്കി ഏറ്റെടുക്കാനുള്ളത് സർക്കാർ ഭൂമിയാണ്. അവസാന ഘട്ടത്തിൽ ഫണ്ടില്ലാതെ വന്നതോടെയാണ് ഭൂമി ഏറ്റെടുക്കൽ സ്തംഭിച്ചത്. ഫണ്ട് വരുന്ന മുറയ്ക്ക് ഏറ്റെടുക്കും എന്നാണ് കിൻഫ്ര അറിയിച്ചിരുന്നത്. അപ്പോഴേക്കും തിരഞ്ഞെടുപ്പും ഭരണ മാറ്റവും ഉണ്ടായി. കിഫ് ബി മരവിപ്പിക്കുകയും ചെയ്തു. വലിയേരി പ്രദേശത്തെ കർഷകർക്ക് കൃഷി ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കൃഷി ഇറക്കാനോ പറ്റാത്ത സ്ഥിതിയായി.
രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും സഹകരണം തേടുന്നതിന്റെ ഭാഗമായാണ് ചിറ്റൂർ എം.എൽ.എയുമായി വിഷയം ചർച്ച ചെയ്തത്. എത്രയും വേഗം ഭൂമിയുടെ വില നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കർഷകർ തെരുവിൽ സമരത്തിന് ഇറങ്ങും.
- പി.ബാലകൃഷ്ണൻ, കർഷക സമിതി പ്രസിഡന്റ്, മുതിർന്ന സി.പി.ഐ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |