മഴയും കാട്ടുപന്നിശല്യവും വെല്ലുവിളി
ആലത്തൂർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഒന്നാംവിള കൊയ്‌തെടുത്തിട്ടും സപ്ലൈകോ നെല്ല് സംഭരണം വൈകുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കൊയ്‌തെടുത്ത നെല്ല് പാറമേൽ ഉണക്കി ചാക്കുകളിലാക്കി ടാർപോളിൻ മൂടി മഴയിൽനിന്നും കാട്ടുപന്നികളിൽ നിന്നും സംരക്ഷിച്ച് കാവലിരിക്കേണ്ട അവസ്ഥയിലാണ് കുനിശ്ശേരിയിലെ കർഷകർ. സ്വകാര്യ മില്ലുകൾക്ക് നെല്ല് നൽകുമ്പോൾ സാമ്പത്തിക നഷ്ടമുണ്ടാകുമെങ്കിലും പണം വേഗത്തിൽ ലഭിക്കുമെന്നതിനാൽ പല കർഷകരും അതിന് നിർബന്ധിതരാകുകയാണ്. സർക്കാർ നെല്ല് സംഭരണം അടിയന്തരമായി ആരംഭിക്കുകയും സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
കാലാവസ്ഥയിലെ മാറ്റവും ഒന്നാംവിളയെ പ്രതികൂലമായി ബാധിച്ചു. കാലത്തിനനുസരിച്ച് മൂപ്പെത്താത്തതും അധികം മൂപ്പെത്തിയതുമായ വിത്തുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായതോടെ വിളവെടുപ്പിലും കാലതാമസമുണ്ടായി. നേരത്തെ വെള്ളത്തിന്റെ അഭാവം കൃഷിയെ ബാധിച്ചപ്പോൾ ഇപ്പോൾ ലഭിക്കുന്ന മഴ കൊയ്‌തെടുത്ത നെല്ല് ഉണക്കുന്നതിനും വൈക്കോൽ ശേഖരിക്കുന്നതിനും തടസ്സമാകുകയാണ്. ഇതോടെ കർഷകരുടെ നഷ്ടം കൂടുമെന്ന ആശങ്കയും ശക്തമാണ്.
കുനിശ്ശേരി, തെക്കേപ്പാടം, ചെങ്കാരം, തേനാരി, പാവക്കാട്, കോലേപ്പാടം പാടശേഖരങ്ങളിലെ നിരവധി കർഷകർക്ക് ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനായിട്ടില്ല. ഒരാഴ്ചയോളം കൂടി കാത്തിരിക്കേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു. മഴയുടെ ലഭ്യതയും മണ്ണിലെ ഈർപ്പവും കണക്കിലെടുത്താണ് ഇനി രണ്ടാംവിള സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. നിലവിൽ ലഭിക്കുന്ന മഴയിൽ പാടങ്ങളിൽ ഉഴുതുമറിക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. നെല്ല് സംഭരണം വൈകുന്നത് തുടർന്നാൽ കൊയ്‌തെടുത്ത നെല്ല് സംരക്ഷിക്കുന്നതും അടുത്ത കൃഷിയിറക്കുന്നതും ഒരുപോലെ പ്രതിസന്ധിയിലാകുമെന്നാണ് കർഷകരുടെ ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |