എലപ്പുള്ളി: കൂണിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയെന്ന എലപ്പുള്ളി കൃഷിഭവന്റെ പരീക്ഷണം വിജയം കണ്ടു. ഉൽപ്പന്നം അധിക നാൾ സൂക്ഷിച്ച് വെക്കാൻ കഴിയില്ലെന്നതാണ് കൂൺ കൃഷി നേരിടുന്ന പ്രധാന പ്രശ്നം. വിളവെടുപ്പ് സമയത്ത് തന്നെ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉത്പന്നങ്ങൾ കേടുവന്ന് പോകുന്ന സ്ഥിതിയുണ്ടാകും. കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന തടസവും അതാണ്. ഈ സാഹചര്യം പരിഗണിച്ചാണ് കൂണിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയെന്ന പദ്ധതിയിലേക്ക് എലപ്പുള്ളി കൃഷി ഭവൻ തിരിഞ്ഞത്. എലപ്പുള്ളി മണ്ണുകാട്ടിലെ വീട്ടമ്മയായ മഞ്ജുഷയുടെ കൃഷിയിടത്തിലാണ് പരീക്ഷണ കൃഷി ഇറക്കിയത്. കൃഷി ഓഫീസർ ബി.എസ്.വിനോദ് കുമാർ സ്ഥല പരിശോധന നടത്തി വകുപ്പ് തല പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂൺ ഗ്രാമം പദ്ധതിയിലൂടെ മഞ്ജുഷ വീട്ടമ്മയിൽ നിന്ന് വനിതാ കർഷകയായി വളർന്നു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് കൂൺ കൃഷി ആരംഭിച്ചത്. കൃഷി വിജയകരമായി. തുടക്കത്തിൽ പ്രതിദിനം ശരാശരി നാല് കിലോഗ്രാം കൂൺ ഉത്പാദിപ്പിച്ചു തുടങ്ങി. കിലോഗ്രാമിന് 400 രൂപയ്ക്ക് വിൽപ്പന നടത്തി. ഉത്പാദനം വർദ്ധിച്ചതോടെ കൂൺ അച്ചാർ, കൂൺ ചമ്മന്തിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിച്ചു. എല്ലാം കൃഷി വകുപ്പിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ഉത്പന്നങ്ങൾക്ക് വിപണിയിൽ നല്ല വരവേൽപ്പാണ് ലഭിച്ചത്. പരീക്ഷണ കൂൺ കൃഷി വിജയത്തിലായ ആഹ്ളാദത്തിലാണ് കൃഷി വകുപ്പ്. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി കൂട്ടങ്ങളുടെയും സഹകരണത്തോടെ എലപ്പുള്ളിയിൽ കൂൺ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്. വരും നാളുകളിൽ എലപ്പുള്ളി കൂണും കൂൺ ഉത്പന്നങ്ങളും സംസ്ഥാനത്താകെ വിപണിയിലെത്തിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |