കഴിഞ്ഞ വർഷത്തേക്കാൾ 200രൂപയുടെ വർധന
പാലക്കാട്: നവരാത്രി പൂജവയ്പ് അടുത്തതോടെ വിപണിയിൽ കറുത്ത കരിമ്പിന് ആവശ്യക്കാർ ഏറിയെങ്കിലും ലഭ്യത കുറഞ്ഞത് വിലക്കയറ്റത്തിന് വഴിയൊരുക്കുന്നു. പൂജവയ്പ് സമയത്താണ് കറുത്ത കരിമ്പിന്റെ വിപണി പ്രധാനമായും സജീവമാകുന്നത്. എന്നാൽ തമിഴ്നാട്ടിലെ വരൾച്ചയും ജലക്ഷാമവും കാരണം കൃഷി കുറച്ചതോടെ ഇത്തവണ കരിമ്പ് എത്തിക്കാൻ വ്യാപാരികൾ പാടുപെടുകയാണ്. 20 കരിമ്പ് അടങ്ങിയ ഒരു കെട്ടിന് നിലവിൽ 650 രൂപവരെയാണ് മാർക്കറ്റിൽ വില. കഴിഞ്ഞ സീസണിൽ 450 രൂപയോളം വിലയുണ്ടായിരുന്ന കരിമ്പിന് ഇത്തവണ ഏകദേശം 200 രൂപയുടെ വർധനയുണ്ട്.
തമിഴ്നാട്ടിലെ സേലം, ഭവാനി മേഖലകളിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും പാലക്കാട്ടേക്ക് കരിമ്പ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ചരക്ക് വിപണിയിലെത്തിയത്. മഴയില്ലാത്തതിനാൽ ജലക്ഷാമം രൂക്ഷമായതോടെ കരിമ്പുകൃഷി വ്യാപകമായി നടത്താൻ കർഷകർക്ക് കഴിയുന്നില്ല. സാധാരണ ഈ സമയമാകുമ്പോഴേക്കും കൂടുതൽ കൃഷിയിടങ്ങളിൽ കരിമ്പ് വിളവെടുപ്പിന് തയ്യാറാകുമെങ്കിലും ഇത്തവണ കൃഷി കുറവാണ്. കൃഷിച്ചെലവ് പോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു.
പൊങ്കൽ ഉത്സവത്തിനായി കരിമ്പ് കൃഷി ചെയ്യുന്ന തമിഴ്നാട്ടിൽ, പ്രാദേശിക ആവശ്യത്തിന് തന്നെ ലഭ്യമായ ഉൽപന്നം തികയാത്ത സ്ഥിതിയാണ്. പൊങ്കലിന് റേഷൻ കടകൾ വഴി സർക്കാർ കരിമ്പ് വിതരണം ചെയ്യുന്നതും പ്രാദേശിക ആവശ്യകത വർദ്ധിപ്പിക്കുന്നു. ഇതോടെ പാലക്കാട്ടേക്ക് കരിമ്പ് അയയ്ക്കാനുള്ള താൽപര്യം കുറഞ്ഞു. മുമ്പ് മധുര ഭാഗത്ത് നിന്നും കരിമ്പ് എത്തിയിരുന്നെങ്കിലും ഇത്തവണ അവിടെനിന്ന് ലഭ്യതയില്ല. ഇന്ധനത്തിൽ എഥനോൾ മിശ്രിതം വർധിച്ചതിനെത്തുടർന്നുള്ള ആവശ്യകതയും വിപണിയെ സ്വാധീനിക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
പൂജവയ്പിന് ഉപയോഗിക്കുന്ന കറുത്ത കരിമ്പിന്റെ വരവ് കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
തമിഴ്നാട്ടിൽ മഴയില്ലാത്തതുകൊണ്ട് വെള്ളത്തിന് ക്ഷാമമാണ്. അതുകൊണ്ട് കരിമ്പുകൃഷി കുറഞ്ഞു. സാധാരണ ഈ സമയമാകുമ്പോഴേക്കും ധാരാളം കരിമ്പ് കിട്ടാറുണ്ട്. ഇത്തവണ കരിമ്പ് കിട്ടാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ സീസണിനെക്കാൾ ഒരു കെട്ടിന് 200 രൂപയോളം വില കൂടി. - ജബ്ബാർ, കരിമ്പ് കച്ചവടക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |