SignIn
Kerala Kaumudi Online
Friday, 30 October 2026 5.33 AM IST

കൃഷിനാശം ഉടൻ റിപ്പോ‌ർട്ട് ചെയ്യാൻ നിർദ്ദേശം

vazha
.

പാലക്കാട്: വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വിള ഇൻഷ്വറൻസ് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി കൃഷിവകുപ്പ്. കൃഷിനാശം സംബന്ധിച്ച പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) 24 മണിക്കൂറിനകം തയ്യാറാക്കണമെന്ന് കൃഷിവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകി. റിപ്പോർട്ട് തയ്യാറാക്കുന്നതിലെ കാലതാമസം മൂലം നഷ്ടപരിഹാര അപേക്ഷകൾ വൈകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. എഫ്.ഐ.ആർ ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിർദേശമുണ്ട്. ഓരോ പാടശേഖരത്തിലെയും കർഷകർ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂട്ടുകൃഷിയിൽ ഒരു പോളിസി മാത്രമാണ് നൽകുന്നതെങ്കിലും പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഓരോ കർഷകനും വിളനാശത്തിനുള്ള നഷ്ടപരിഹാരം വ്യക്തിഗതമായി ലഭിക്കും. അതിനാൽ എല്ലാ കർഷകരും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

 കൃഷിയിടങ്ങളുടെ ജിയോ ടാഗിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. വിളകളുടെ ജിയോ ടാഗ് ചെയ്ത ചിത്രങ്ങളാണ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. നഷ്ടപരിഹാര അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ജില്ലാ കൃഷി ഓഫീസർ വിളനാശം സംഭവിച്ച കൃഷിയിടങ്ങളിൽ പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൃഷിനാശം റിപ്പോർട്ട് ചെയ്താൽ 15 ദിവസത്തിനകം ആവശ്യമായ രേഖകളും ചിത്രങ്ങളും സഹിതം കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകാത്തപക്ഷം നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസമുണ്ടാകാം.

 നെൽക്കൃഷിക്ക് 7 ലക്ഷം വരെ

ജില്ലാതലത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അധികാരപരിധിയും നിശ്ചയിച്ചിട്ടുണ്ട്. നെൽക്കൃഷിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പരമാവധി ഏഴുലക്ഷം രൂപവരെയും മറ്റ് കൃഷികൾക്ക് അഞ്ചുലക്ഷം രൂപവരെയും അനുവദിക്കാം. നെൽക്കൃഷിക്ക് 15 ലക്ഷം രൂപവരെയും മറ്റ് കൃഷികൾക്ക് 10 ലക്ഷം രൂപവരെയും അനുവദിക്കാൻ കൃഷി ഡയറക്ടർക്ക് അധികാരമുണ്ട്. ഇതിന് മുകളിലുള്ള തുക അനുവദിക്കുന്നത് കൃഷി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിധിയിലാണ്.

 തേനീച്ച വളർത്തലിനും ആനുകൂല്യം

തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ്, വാഴ, മരച്ചീനി, പൈനാപ്പിൾ, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി, തേയില, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറികൾ, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, കരിമ്പ്, പുകയില, നെല്ല്, മാവ്, ചെറുധാന്യങ്ങൾ, ചെറിയ പഴവർഗങ്ങൾ, പുഷ്പകൃഷി എന്നിവ ചെയ്യുന്നവർക്കും തേനീച്ച വളർത്തുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL