SignIn
Kerala Kaumudi Online
Monday, 02 November 2026 5.14 AM IST

പുതുശ്ശേരിയെ പരിസ്ഥിതി ലോല പട്ടികയിൽ നിന്നൊഴിവാക്കാൻ ശുപാർശ നൽകും

kanjikode

വാളയാർ: പുതുശ്ശേരി ഈസ്റ്റ് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകാൻ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് വില്ലേജ് പഞ്ചായത്ത് തലത്തിൽ ഭൂപട പരിശോധനയും റവന്യൂ വകുപ്പിന്റെ തിരുത്തലുകളും തുടങ്ങി. വ്യക്തികൾക്കും സംഘടനകൾക്കും പരാതി നൽകാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ ജനവാസ കൃഷി മേഖലകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കിട്ടും. പുതുശ്ശേരി ഈസ്റ്റിലെ ജനവാസ മേഖലയും കൃഷി സ്ഥലങ്ങളും പൂർണ്ണമായി ഒഴിവാക്കി കൊണ്ട് വനാതിർത്തി മാത്രം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയാണ് നൽകുക. പുതുശ്ശേരി ഈസ്റ്റ് വില്ലേജ് നിലവിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത് മൂലം പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പുതുശ്ശേരി ഈസ്റ്റ് ഉൾപ്പെടെ സംസ്ഥാനത്തെ 123 വില്ലേജുകളാണ് ഉൾപ്പെട്ടത്. ഇതിൽ 33 വില്ലേജുകളെ ഒഴിവാക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചു. ഈ പട്ടികയിൽ പുതുശ്ശേരി ഈസ്റ്റ് ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് എ.പ്രഭാകരൻ എം.എൽ.എയും പഞ്ചായത്തും വിവിധ സംഘടനകളും പുതുശ്ശേരി ഈസ്റ്റ് വില്ലേജിനെ പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. തുടർന്ന് ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ബന്ധപ്പെട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുകയായിരുന്നു.
പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഖനനം, ക്വാറി പ്രവർത്തനങ്ങൾ, ജല പദ്ധതി, ഇഷ്ടിക ചൂള, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. കെട്ടിട നിർമ്മാണം, ഹോട്ടൽ റിസോർട്ട് തുടങ്ങൽ, കുഴൽ കിണർ കുഴിക്കൽ, റോഡ് വീതി കൂട്ടൽ തുടങ്ങിയ കാര്യങ്ങളും അനുവദനീയമല്ല. കഞ്ചിക്കോട് വ്യവസായ മേഖലയോടും പുതുശ്ശേരിയിലെ കാർഷിക മേഖലയോടും ചേർന്ന് കിടക്കുന്ന ഈസ്റ്റ് വില്ലേജിൽ ഇത്തരം നിയന്ത്രണങ്ങൾ ഒട്ടും പ്രായോഗികമല്ല. സംസ്ഥാന സർക്കാർ വീണ്ടും ശുപാർശ നൽകുകയും അത് കേന്ദ്രം അംഗീകരിച്ച് പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്താലേ പ്രദേശവാസികൾ ആശങ്കയിൽ നിന്ന് മുക്തരാവുകയുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL