SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

ഓൺലൈൻ ലോട്ടറി മാഫിയ വീണ്ടും സജീവം

lottery
.

മുതലമട: പാലക്കാട് മുതലമട പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഗോവിന്ദാപുരത്ത് പൊലീസ് റെയ്ഡിന് ശേഷവും ഓൺലൈൻ ലോട്ടറി കച്ചവടം തകൃതി. നിരവധി കടകൾക്കു പുറമേ നൂറുകണക്കിന് വീടുകളും കേന്ദ്രീകരിച്ചാണ് കോടികളുടെ ഓൺലൈൻ ലോട്ടറി ചൂതാട്ടം നടക്കുന്നത്. അതിർത്തി മേഖലയായതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളും വ്യാപാരികളും ലോട്ടറി ഇടനിലക്കാരും ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയാണ് കച്ചവടം നടത്തുന്നത്.

ദിവസങ്ങൾക്ക് മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തി പലരെയും പിടികൂടിയെങ്കിലും മണിക്കൂറുകൾക്കകം ഇവർ വീണ്ടും കച്ചവടം പുനരാരംഭിച്ചു. പിടികൂടിയാൽ നിസാര പിഴ മാത്രം ചുമത്തി വിടുന്നതാണ് മാഫിയയ്ക്ക് ധൈര്യം പകരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 കോടികളുടെ കച്ചവടം

ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് തമിഴ്നാട്ടിലേക്കാണ് കൂടുതൽ ലോട്ടറി വിൽപ്പന നടത്തുന്നത്. ദിവസവും കോടികളുടെ കച്ചവടമാണ് നടക്കുന്നത്. ഓട്ടോ തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ദിവസക്കൂലിക്കാർ, യുവാക്കൾ എന്നിവരാണ് കൂടുതലും ഈ ചൂതാട്ടത്തിന് അടിമപ്പെടുന്നത്. കേരള ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ വാട്ട്സ് ആപ്പ് വഴി ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. അവർ ഓൺലൈൻ പേയ്‌മെന്റ് വഴി പണം നൽകും. ചെറിയ സമ്മാനം അടിച്ചാൽ ഉടൻ പണം നൽകും. ഇതിലൂടെ വിശ്വാസം നേടിയെടുക്കും. വലിയ സമ്മാന തുക ആണെങ്കിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങും. ഇത്തരത്തിൽ പലരും ചതിയിൽ അകപ്പെട്ടിട്ടും പരാതി പോലും നൽകാൻ പറ്റാത്ത അവസ്ഥയാണ്. വിഷയം ചിറ്റൂർ എം.എൽ.എ സുമേഷ് അച്ചുതൻ നിയമസഭയിൽ ഉന്നയിച്ചെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായില്ല. ശക്തമായ നിയമനടപടി സ്വീകരിച്ച് ഓൺലൈൻ ലോട്ടറി മാഫിയയെ അമർച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓൺലൈൻ ലോട്ടറി വില്പനയ്ക്കെതിരെ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ മുതലമട പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL