പാലക്കാട്: വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടിയതോടെ ചെറുകിട ഹോട്ടൽ വ്യാപാരികളും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരും കടുത്ത പ്രതിസന്ധിയിൽ. 19 കിലോ വാണിജ്യ സിലിണ്ടറിന് കേരളത്തിൽ 12.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2860 രൂപയായി. തുടർച്ചയായി മൂന്നാം മാസമാണ് ഇപ്പോൾ വില വർദ്ധിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ ഫെബ്രുവരിയിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഈ വർഷം ആദ്യം കൂട്ടിയത്. 19 കിലോ സിലിണ്ടറിന് മാർച്ച് ഒന്നിന് 119 രൂപയും ഏപ്രിൽ ഒന്നിന് 195 രൂപയും വർദ്ധിപ്പിച്ചിരുന്നു. മേയ് ഒന്നിന് ഒറ്റയടിക്കാണ് 993 രൂപ വർദ്ധിപ്പിച്ചത്. തുടർന്ന് സെപ്തംബർ ഒന്നിന് 9.50 രൂപയും ഒക്ടോബർ ഒന്നിന് 62.50 രൂപ വർദ്ധിപ്പിച്ചു. 2025 ഡിസംബറിൽ 1582 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 10 മാസം കൊണ്ട് 1286 രൂപ വർദ്ധിച്ചു.
അടിക്കടിയുണ്ടാവുന്ന വില വർധന ചെറുകിട ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കാറ്ററിംഗ് മേഖലയ്ക്കും ഭക്ഷ്യോൽപന്ന നിർമ്മാണ യൂണിറ്റുകൾക്കും വർദ്ധന വലിയ തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴും അതിനനുസരിച്ച് വില കുറയ്ക്കാൻ തയ്യാറായില്ല. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് പാചക വാതകത്തിന് ക്ഷാമം നേരിട്ടപ്പോൾ ജില്ലയിൽ നിരവധി ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. പശ്മിമേഷ്യൻ പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പിന്നീട് സിലിണ്ടർ വില അടിക്കടി കൂട്ടിയത്. ഇപ്പോൾ എല്ലാ മാസവും തുടർച്ചയായി വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. അടിക്കടിയുള്ള പാചകവാതക വിലവർധന കാരണം പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണ്. ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻപോലും പണം തികയുന്നില്ല. വില വർദ്ധിപ്പിക്കാതെ കച്ചവടം തുടരാനാവാത്ത അവസ്ഥയാണെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ നേതൃത്വം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |