
പത്തനംതിട്ട : മഴക്കാലമായതോടെ ജലസമൃദ്ധിയിലായ നദികളിലും പുഴകളിലും തോടുകളിലും അപകടം ഒളിച്ചിരിക്കുന്നതിനാൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയേറെയാണ്. നദികളുടെ സൗന്ദര്യവും ആകർഷണീയതയും മൂലം വെള്ളത്തിലിറങ്ങി ആഴങ്ങളിൽ ഒടുങ്ങുമ്പോൾ സങ്കടക്കയങ്ങളിൽ പെടുന്നത് ഉറ്റവരും ഉടയവരുമാകുന്നു. അവധിക്കാലത്തും മഴക്കാലത്തുമാണ് മുങ്ങിമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. പെരുമ്പാവൂരിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമാണ്. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നതും അപകടകാരണമാകുന്നുണ്ട്. മുൻകരുതൽ സ്വീകരിച്ചാൽ മുങ്ങി മരണങ്ങൾ ഒഴിവാക്കാൻ കഴിയും. ജാഗ്രതയാണ് അനിവാര്യം.
വെള്ളത്തിൽ ശ്രദ്ധിക്കണം
1. നീന്തൽ നല്ലവണ്ണം അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
2. ലഹരി ഉപയോഗിച്ചവർ ജലാശയങ്ങളിൽ കുളിക്കുവാനോ നീന്തുവാനോ പാടില്ല.
3. കരിങ്കൽ ക്വാറികളിൽ കുളിക്കാൻ ഇറങ്ങാതിരിക്കുക.
4. ജലയാനങ്ങളിൽ ഇരുന്നുമാത്രം യാത്ര ചെയ്യുക. ലൈഫ് ജാക്കറ്റ് ധരിക്കുക.
5. അപസ്മാര ബാധ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
6. വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിക്കരുത്.
7. പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്.
8. കൈകാലുകൾ ബന്ധിച്ചോ, മുഖംമറച്ചോ ഉള്ള അഭ്യാസങ്ങൾ ജലാശയങ്ങളിൽ നടത്തരുത്.
ജലത്തിൽ വീണ് ആദ്യഅഞ്ചു മിനിറ്റിൽ ആളെ കണ്ടെത്തിയാൽ
കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്താം
ശ്വാസംനിലച്ച ശേഷം ഹൃദയം പ്രവർത്തിക്കുന്നത് : 3 മിനിറ്റ്
മസ്തിഷ്‌ക മരണം സംഭവിക്കുന്നത് : 7 മിനിറ്റിനുശേഷം
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം ജലാശയ അപകടങ്ങളിൽ പെട്ട് മരിച്ചവരിൽ 7 പേർ 17 വയസ്സിൽ താഴെയുള്ളവരാണ്. കൗമാരക്കാരെ ബോധവാൻമാരാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.
വിനോദ് കുമാർ.വി
സ്റ്റേഷൻ ഓഫീസർ, അഗ്നിരക്ഷാ നിലയം
പത്തനംതിട്ട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |