
പത്തനംതിട്ട : വർണ്ണപ്പൊലിമയും താളമേളങ്ങളുമില്ലാതെ ഉള്ളന്നൂർ ദേവീവിലാസം എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം നടന്നു. കുളനട പഞ്ചായത്തിലെ 125 വർഷം പഴക്കുമുള്ള സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായതിനാൽ നവീകരണം നടന്നുവരികയാണ്. സ്കൂളിന് സമീപമുള്ള എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ താത്കാലിക സംവിധാനമൊരുക്കി പ്രവേശനോത്സവം നടത്തുകയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള സ്‌കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് ഇക്കുറി അനുമതി ലഭിച്ചിരുന്നില്ല. ഒരു വർഷം മുൻപ് പുതിയ കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപികയും പി.ടി.എയും സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ അനുമതി നൽകിയില്ല. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്‌കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് 6 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ എടുക്കാൻ ആളില്ലാതെ പദ്ധതി മുടങ്ങി. പുതിയ ഭരണസമിതി നിലവിൽ വന്നശേഷം വീണ്ടും ടെൻഡർ നൽകിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തടസമായി. ഏറെ വൈകി പണികൾ ആരംഭിച്ചെങ്കിലും മേൽക്കൂരയുടെ നിർമ്മാണം പൂർത്തീകരിക്കാനായിട്ടില്ല.
55 കുട്ടികൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്‌കൂളിൽ 55 കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം ക്ലാസിൽ ഇക്കുറി 7 കുട്ടികളാണ് പുതുതായി എത്തിയത്. പുതിയ കുട്ടികളുടെ പ്രവേശനം സ്‌കൂളിൽ നടത്താൻ കഴിയാത്തതിന്റെ നിരാശ ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സീമാ മാത്യു വ്യക്തമാക്കി. വാർഡ് അംഗം സൂസൺ തോമസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റോയിമോൻ.ജെ അദ്ധ്യക്ഷത വഹിച്ചു.
കാലപ്പഴക്കം മൂലം ജീർണ്ണിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. ഇത് ഏതു നിമിഷവും നിലംപൊത്താം. സ്‌കൂൾ കെട്ടിടം പൂർണ്ണമായി പുതുക്കി നിർമ്മിച്ചില്ലെങ്കിൽ അത് കുട്ടികളുടെ ജീവന് ഭീഷണിയാകും.
ബിജു പരമേശ്വരൻ
ചെയർമാൻ , സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .
കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് നിർമ്മാണം താമസിക്കാൻ കാരണം. സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഉടൻ പൂർത്തിയാക്കും. സ്‌കൂളിന്റെ ഭിത്തികൾ വിണ്ടു കീറിയിട്ടുണ്ടെങ്കിലും താങ്ങു ഭിത്തികൾ ഉള്ളതിനാൽ ബലക്ഷയം ഉണ്ടാകില്ല.
അനു,
അസി.എക്സിക്യൂട്ടീവ് എൻജിനിയർ
കുളനട ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |