SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.05 AM IST

മെഡിസെപ് ചതിച്ചു, നീതിതേടി റിട്ട.ജീവനക്കാരന്റെ മകൻ

medi

പത്തനംതിട്ട : ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ വികലാംഗനായ റിട്ട.ജീവനക്കാരന് മെഡി​സെപ്പ് ഇൻഷുറൻസ് തുക പൂർണമായി നൽകാതെ കബളിപ്പിച്ചതായി മകൻ കോടതിയിൽ പരാതി നൽകി.

പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ വിരമിച്ച ഉളനാട് വാലിൽ വിളയിൽ പുത്തൻവീട്ടിൽ വി.എം.മാത്യുവിന്റെ മകൻ ബിജു മാത്യുവാണ് സർക്കാരിനും ഇൻഷുറൻസ് കമ്പനിക്കുമെതിരെ ജില്ലാ കൺസ്യൂമർ കോടതിയിൽ പരാതി നൽകിയത്.

2024 സെപ്റ്റംബർ ഒന്നി​നാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ വി.എം.മാത്യു ചികിത്സ തേടി എത്തിയത്. ചികിത്സയിലിരിക്കെ 9ന് മാത്യു മരി​ച്ചു. ചികിത്സയ്ക്കായി 1,49,419 രൂപ ചെലവായെങ്കിലും മെഡിസെപ് പദ്ധതി​യി​ലൂടെ അനുവദിച്ചത് 42,300 രൂപ മാത്രമാണ്. ഇതി​നെതി​രെ ബിജു മാത്യു സംസ്ഥാന സർക്കാർ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് അധികൃതർ, ഇൻഷുറൻസ് കമ്പനി എന്നിവർക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടർന്ന് ഡിസംബർ 9ന് ജില്ലാ കൺസ്യൂമർ കോടതിയെ സമീപിച്ചു.

കഴിഞ്ഞ ഏപ്രിൽ ആറിന് 1,27,919 രൂപയും ഒൻപത് ശതമാനം പലിശയും ഉൾപ്പെടെ അനുവദിക്കുന്നതിനും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ജില്ലാ തർക്ക പരിഹാര കമ്മി​ഷൻ സംസ്ഥാന ധനകാര്യ ഇൻഷുറൻസ്, പ്രിൻസിപ്പൽ സെക്രട്ടറി, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി മനേജർ എന്നിവർക്ക് നിർദേശം നൽകി. അനുകൂലവിധി ലഭിച്ചെങ്കിലും ജില്ലാ തർക്കപരിഹാര കമ്മി​ഷന്റെ വിധിക്കെതിരെ സംസ്ഥാന തർക്ക പരിഹാര കമ്മി​ഷൻ മുമ്പാകെ അപ്പീലുമായി​ ഇൻഷുറൻസ് കമ്പനി പോയത് വീണ്ടും പ്രതി​സന്ധി​യായി​. ക്യാൻസർ ബാധിതയായ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. മാതാപിതാക്കളുടെ ചികിത്സയ്ക്ക് ഭാരിച്ച തുക ചെലവഴിക്കേണ്ടിവന്ന കൂലിപ്പണിക്കാരനായ ബിജു മാത്യു കടുത്ത സാമ്പത്തിക ബാദ്ധ്യതകൾക്കിടയിലും നിയമപോരാട്ടം തുടരുകയാണ്.

മെഡിസെപ്

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 500രൂപ പ്രീമിയത്തിൽ 5ലക്ഷം രൂപവരെ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യമായിരുന്ന സർക്കാരും പൊതുമേഖലാ സ്ഥാപനമായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും വാഗ്ദാനം ചെയ്തിരുന്നത്. അടിയന്തര സാഹചര്യത്തിൽ അംഗീകൃതമല്ലാത്ത ആശുപത്രിയിൽ ചികിത്സ തേടിയാലും പണം മടക്കി നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു.

ഇൻഷുറൻസ് തുക പൂർണമായി​ നൽകിയില്ല,

കോടതി ഉത്തരവും പാലിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL