
പത്തനംതിട്ട : ഓണം ആഘോഷമാക്കാൻ കുടുംബശ്രീ പ്രവർത്തകർ കൃഷിഭൂമിയിലേക്ക്. വിഷരഹിത പച്ചക്കറികൾക്കും അത്തപ്പൂക്കളമൊരുക്കാനുമായി ഓണക്കനി – നിറപ്പൊലിമ പദ്ധതി തുടങ്ങി. ജില്ലയിൽ 1429.43 ഏക്കറിലാണ് കൃഷി. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാർഷികോൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കർഷകവനിതകൾക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
89.50 ഏക്കറിൽ പൂക്കൾ
ഓണപ്പൂക്കളത്തിന് ചാരുതയേകാൻ ബന്ദിയും വാടാമല്ലിയും ഉൾപ്പെടെയുള്ള പൂക്കൾ 263 കർഷകസംഘങ്ങൾ 89.50 ഏക്കറിൽ 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നു. നിലമൊരുക്കൽ മുതൽ വിളപരിപാലനവും കീടനിയന്ത്രണവും വരെ കുടുംബശ്രീ മിഷനും കാർഷിക മേഖലയിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും കൃഷിവകുപ്പും ചേർന്ന് നടത്തിവരുന്നു. ഉൽപ്പാദിപ്പിക്കുന്ന പൂക്കൾ സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവിടങ്ങളിലൂടെ ഉപഭോക്താവിലെത്തും.
749.30 ഏക്കറിൽ വിഷരഹിത പച്ചക്കറികൾ
ഓണക്കനി പദ്ധതിയുടെ ഭാഗമായി 749.30 ഏക്കറിൽ പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തൻ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികൾ കൃഷി ചെയ്യുന്നു. കൂടാതെ 248 ഏക്കറിൽ വിവിധ കിഴങ്ങുവർഗങ്ങളും 343 ഏക്കറിൽ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്.
1. ഉൽപ്പന്നങ്ങൾ കുടുംബശ്രീ നാട്ടുച്ചന്തകൾ, വെജിറ്റബിൾ കിയോസ്കുകൾ, ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവയിലൂടെ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കും.
2. അരുവാപ്പുലം, നാറാണമൂഴി ട്രൈബൽ മേഖലകളിലെ 3.75 ഏക്കറിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നു.
കഴിഞ്ഞവർഷം ലഭിച്ച വരുമാനം
ഓണക്കനി പദ്ധതിയിൽ : 23.56 ലക്ഷം രൂപ
നിറപ്പൊലിമ പദ്ധതിയിൽ : 7.04 ലക്ഷം രൂപ
ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ കാർഷിക മുന്നേറ്റം ഓണവിപണിയിൽ സുരക്ഷിത ഭക്ഷ്യോൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം വനിതാ കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിനും ജൈവകൃഷിയുടെ വ്യാപനത്തിനും കരുത്തുപകരും.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |