SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

റബർ കർഷകർക്ക് ദുരിതമൊഴിയുന്നില്ല, മഴമറയ്ക്ക് ചെലവേറി ; ടാപ്പിംഗ് പ്രതിസന്ധി

rubber

പത്തനംതിട്ട : മഴമറ ഇടാനുള്ള ചെലവ് കുത്തനെ ഉയർന്നതും അനുബന്ധ സാമഗ്രികൾക്ക് ക്ഷാമം നേരിടുന്നതും മഴക്കാല ടാപ്പിംഗിന് തടസമായി. വിപണിയിൽ റബർവില വർദ്ധിച്ചെങ്കിലും ടാപ്പിംഗ് നടത്താനാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പ്ളാന്റേഷനുകളിൽ മഴമറ ഇട്ടിട്ടുണ്ടെങ്കിലും ചെറുകിട തോട്ടങ്ങളിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും മഴമറയില്ല. ടാപ്പിംഗ് നിലച്ചതോടെ പല തൊഴിലാളികളും മറ്റുപണികളിലേക്ക് തിരിഞ്ഞു. മഴമറയിടാനും സ്പ്രേയിംഗിനും റബർ ബോർഡ് ഹെക്ടറിന് 4000 രൂപ സബ്സിഡി നൽകുന്നുണ്ടെങ്കിലും, അത് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നത്. ചെറുകിട കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.

മറയില്ലാത്ത വിലക്കയറ്റം

കഴിഞ്ഞ വർഷം 145 രൂപയായിരുന്ന ഒരു കിലോഗ്രാം മഴമറയിടാനുള്ള പ്ളാസ്റ്റിക്കിന് ഇപ്പോൾ 210 രൂപയാണ് വില. 25 കിലോഗ്രാമിന്റെ പ്ളാസ്റ്റിക് ഒട്ടിക്കാനുള്ള പശയുടെ വില 1450 ൽ നിന്ന് 1750 രൂപയായി ഉയർന്നു. ഒരു ഹെക്ടർ സ്ഥലത്തെ റബർ മരങ്ങൾക്ക് മഴമറയിടാൻ 12 മുതൽ 15 കിലോഗ്രാം പ്ളാസ്റ്റിക് വേണ്ടിവരും.

റബർ മരങ്ങളുടെ മഴക്കാല രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ളോറൈഡിന്റെ വില 700 ൽ നിന്ന് 1050 രൂപയായി ഉയർന്നു. ഓയിൽ ലിറ്ററിന് 100 രൂപയായിരുന്നത് 200 രൂപയായി. ഒരു ഹെക്ടറിൽ സ്പ്രേയിംഗ് നടത്താൻ 8 കിലോ കോപ്പർ ഓക്സിക്ളോറൈഡും 40 ലിറ്റർ ഓയിലും വേണം. സ്റ്റാപ്ളയർ പിന്നുകളും ആവശ്യമാണ്. ഒപ്പം പണിക്കൂലിയും വേണം. ഇത് സാധാരണക്കാരായ തോട്ടം ഉടമകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

മഴമറ സാമഗ്രികളുടെ വില, പഴയ വില ബ്രാക്കറ്റിൽ

പ്ളാസ്റ്റിക്ക് റോൾ 1kg : 210, (145)

പ്ളാസ്റ്റിക് ഒട്ടിക്കാനുള്ള പശ 25 kg : 1750, (1450)

തുടർച്ചയായുള്ള മഴ കാരണം ഇത്തവണ പകുതി ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. ഇടവപ്പാതി മാറുന്ന സമയം നോക്കി ടാപ്പിംഗ് തുടങ്ങാൻ വളം ഇട്ടിരുന്നു. ടാപ്പിംഗ് യഥാസമയം നടക്കാത്തതിനാൽ ചീക്കപൊട്ടൽ ഭീഷണിയുണ്ട്.

പി.കെ.സുരേഷ് കുമാർ (ചെറുകിട റബർ കർഷകൻ)

പശ്ചിമേഷൻ യുദ്ധം തുടങ്ങിയ ശേഷമാണ് മഴമറയിടൽ സാധന സാമഗ്രികളുടെ വില വർദ്ധിച്ചത്. പലതും കിട്ടാനുമില്ല. വില വർദ്ധനവ് കാരണം മുൻ വർഷങ്ങളിൽ തുടർച്ചയായി മഴമറ ഇട്ടിരുന്നവർ ഇത്തവണ ഇതിന് തയ്യാറായിട്ടില്ല.

പുരുഷോത്തമൻ (മഴമറ ഇടൽ തൊഴിലാളി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL