
പത്ത് മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈകിയാണ്
പ്രിയദർശിനി ബസ് സർവീസ് നടത്തുന്നത്
പത്തനംതിട്ട : സ്ത്രീകൾക്ക് യാത്രാടിക്കറ്റ് സൗജന്യമായതോടെ തിരക്കേറിയ പ്രിയദർശിനി ബസ് സർവീസുകൾ വൈകുന്നത് പതിവായി. യാത്രക്കാർ കൂടിയതാണ് ബസുകൾ വൈകാൻ കാരണം. മുമ്പ് ഓർഡിനറി സർവീസ് നടത്തിയിരുന്ന ബസുകളാണ് പ്രിയദർശിനിയായി മാറിയത്.
എല്ലാസ്റ്റോപ്പിലും കൂടുതൽ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയാതെ വരുന്നു. കൂടാതെ ബസിൽ കയറാവുന്നതിലും രണ്ടിരട്ടി ആളുകളുമായാണ് സർവീസ് നടത്തുന്നത്. ഇതോടെ ഈ ബസിനെ ആശ്രയിച്ച് മുമ്പ് കൃത്യമായി ജോലിയ്ക്കെത്തിയിരുന്നവർ ഇപ്പോൾ വൈകുകയാണ്.
ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി ഈ സമയത്ത് അനുവദിച്ചാൽ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനാകും. ജില്ലയിൽ നിന്ന് കോട്ടയം , ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് പ്രിയദർശിനി ബസ് സർവീസ് നടത്തുന്നുണ്ട്. കളക്ടറേറ്റിലും മറ്റ് സ്ഥാപനങ്ങളിലും പത്തുമണിക്ക് എത്തേണ്ട പലരും 10.45 ന് ആണ് എത്തുന്നത്. ഇത് കാരണം പഞ്ച് ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
സ്ഥിരം യാത്രക്കാരുടെ ആവശ്യങ്ങൾ
1.പ്രിയദർശിനി ബസിന്റെ സമയത്ത് ഫാസ്റ്റ് പാസഞ്ചർ,
സൂപ്പർ ഫാസ്റ്റ് ബസുകൾ അധികമായി അനുവദിക്കുക.
2. പ്രിയദർശിനി ബസിന്റെ എണ്ണം വർദ്ധിപ്പിക്കുക.
3. രാവിലെ 8നും 10നും വൈകിട്ട് 4 മുതൽ 6 വരെയും
കൂടുതൽ ബസ് അനുവദിക്കുക.
ജില്ലയിലെ ഡിപ്പോകളിലെ പ്രിയദർശിനി സർവീസുകൾ
പത്തനംതിട്ട : 26
തിരുവല്ല : 25
അടൂർ : 32
റാന്നി : 9
കോന്നി : 10
ഓഫീസ് സമയങ്ങളിൽ കൂടുതൽ ഫാസ്റ്റ്, പാസഞ്ചർ ബസുകൾ അനുവദിക്കണം. പ്രിയദർശിനി തിരക്കേറിയ റൂട്ടിൽ അധിക സർവീസുകൾ നടത്തണം.
സുജാത അനിൽ,
യാത്രക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |