കോന്നി : ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രമായ വത്തിക്കാൻ സിറ്റിയിലെ കാര്യമല്ലിത്. പ്രമാടം പഞ്ചായത്ത് 12-ാം വാർഡിലെ വത്തിക്കാൻ സിറ്റിയും അവിടെയുള്ള സുധീഷ് കുമാറിന്റെയും വിശേഷമാണിത്. സുധീഷ് കുമാറിന്റെ പുതുപ്പറമ്പിൽ വീടിന് മുന്നിലൂടെ കടന്നുപോകുന്ന പഞ്ചായത്ത് റോഡ് കണ്ടാൽ ആരും പറഞ്ഞുപോകും എന്തൊരു വൃത്തിയെന്ന്.
ഒരിലപോലും ഇവിടെയെങ്ങും വീണുകിടപ്പുണ്ടാവില്ല, ദിവസവും രണ്ടുനേരം സുധീഷ് കുമാർ തൂത്ത് വൃത്തിയാക്കിയിടും ഇവിടം. മണ്ണിനെയും കൃഷിയെയും പക്ഷികളെയും ചെടികളെയും ഇഷ്ടപ്പെടുന്ന സുധീഷ് കുമാർ പ്രകൃതിക്കും ശുചിത്വത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന മനുഷ്യരോടും ഈ കരുതലുണ്ട്.
മാനസിക രോഗമുള്ളവരെയും സോറിയാസിസ് ബാധിച്ചവരെയും പരിചരിക്കാൻ മടിയില്ല. മുൻപ് ദേഹമാസകലം പുഴുത്ത തെരുവുനായ്ക്കൾക്ക് ചികിത്സ നൽകുകയും പരിചരിക്കുകയും ചെയ്തതിനാൽ അവ ഇപ്പോഴും ഒപ്പമുണ്ട്.
വീട്ടുമുറ്റത്തും പറമ്പിലും വരുന്ന പക്ഷികൾക്ക് ദാഹമകറ്റാൻ പലയിടത്തായി ചട്ടികളിൽ വെള്ളം നിറച്ചിട്ടുണ്ട്. സുധീഷ് കുമാർ മുറ്റത്തിറങ്ങി ശബ്ദമുണ്ടാക്കിയാൽ കാക്കകൾ വട്ടംകൂടും. ഇവയ്ക്കുള്ള ആഹാരം മുറ്റത്തേക്ക് വിതറുന്നതോടെ കാക്കകളെത്തി കൊത്തിത്തിന്നു മടങ്ങും. റിട്ട. വനംവകുപ്പ് ഉദ്യോഗസ്‌ഥനായിരുന്ന പിതാവ് ദാമോദരന്റെ സഹജീവികളോടുള്ള കരുണയാണ് ഇത്തരം പ്രവൃത്തികൾക്ക് പ്രചോദനമാകുന്നതെന്ന് സുധീഷ് കുമാർ പറഞ്ഞു.
ഫലവൃക്ഷങ്ങളുടെ തോഴൻ
മാങ്കോസ്‌റ്റിൻ, റംബുട്ടാൻ, അവക്കാഡോ, പുലാസാൻ തുടങ്ങി മക്കാഡാമിയ വരെ സ്വന്തം കൃഷി സ്ഥലത്ത് സുധീഷ് കുമാർ കൃഷി ചെയ്യുന്നു. ഇപ്പോൾ നാൽപതിലേറെ ഫലവൃക്ഷങ്ങൾ ഉൾപ്പെടെ 65 ഇനങ്ങളിലെ തൈകളാണ് ഒരേക്കറിൽ വളരുന്നത്. ഓറഞ്ച്, വാട്ടർ ആപ്പിൾ, മൾബറി , മാവുകൾ , സപ്പോട്ട, പപ്പായ, കൊക്കോ, നെല്ലി, തെങ്ങ് തുടങ്ങിയവ കൂടാതെ വിവിധ തരം പ്ലാവുകൾ, കുരുമുളക്, പേര, ഡ്രാഗൺ ഫ്രൂട്ട് എന്നിവയും സുധീഷ് കുമാറിന്റെ കൃഷിയിടത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |