ചെങ്ങന്നൂർ: ചെറുതായി ചൂളമടിക്കാൻ ആർക്കും പറ്റും. എന്നാൽ ചൂളമടിച്ച് ഒരു സംഗീത വിരുന്നൊരുക്കാൻ കുറച്ചു പാടാണ്. എന്നാൽ അത്തരത്തിലൊരാൾ ഇവിടെയുണ്ട്. ചൂളമടിച്ച് വേറിട്ട സംഗീത അവതരണവുമായി യുവകലാകാരൻ അങ്ങാടിക്കൽ കുഴിയുഴത്തിൽ സന്തോഷ് കുമാർ. പത്ത് വയസുമുതലാണ് സന്തോഷ് ചൂളമടിച്ച് പാട്ട് അവതരിപ്പിക്കാൻ തുടങ്ങിയത്. പറമ്പിൽ സ്കൂൾ എന്നറിയപ്പെടുന്ന പുത്തൻകാവ് ഗവ.യു.പി.സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു തുടക്കം. സ്കൂളിൽ ചൂളമടിച്ച് പാട്ടുപാടിയതിന് നിരവധി തവണ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ സന്തോഷിന്റെ കഴിവ് തിരിച്ചറിഞ്ഞത് അന്നത്തെ സംഗീത അദ്ധ്യാപിക രാജമ്മയാണ് എല്ലാ പ്രോത്സാഹനവും നൽകിയത്. പിന്നീട് ഹൈസ്കൂൾ തലത്തിൽ വിവിധ കലാപരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ചെങ്ങന്നൂരിലെ എം.എൻ. ജയചന്ദ്രന്റെ ശിക്ഷണത്തിൽ ഒരു വർഷം സംഗീതം അഭ്യസിച്ചു. ഷൂളമടിച്ച് പാട്ടുപാടുന്നതിനു പുറമെ നാടൻ കലാരൂപമായ പാക്കനാർ തെയ്യം, നാടൻപാട്ട് തുടങ്ങിയവയും സന്തോഷ് പഠിപ്പിക്കുന്നുണ്ട്. 51 ശതമാനം അംഗവൈകല്യമുള്ളയാളാണ് സന്തോഷ്. 1996ൽ ജോലി തേടി മഹാരാഷ്ട്രയിലെത്തിയ സന്തോഷ് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ വലതുകാലിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് മാസത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. പിന്നീട് അഞ്ചര വർഷത്തോളം ചികിത്സയും ബെഡ് റെസ്റ്റുമായി കഴിയേണ്ടിവന്നു. ഇപ്പോൾ പാട്ടിനൊപ്പം യന്ത്രമുപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ് പ്രധാന വരുമാനമാർഗം. സന്തോഷിന്റെ ദുരിതപൂർണമായ ജീവിതകഥകൾ അറിഞ്ഞുകൊണ്ടുതന്നെയാണ് 2005ൽ സുജ സന്തോഷ് ജീവിതപങ്കാളിയായി എത്തിയത്. പല ഗാനമേള വേദികളിലും പാടാനും ചൂളമടിച്ച് പാട്ട് അവതരിപ്പിക്കാനും അവസരം തേടിയെത്തിയെങ്കിലും പലപ്പോഴും അത് നിഷേധിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചതായി സന്തോഷ് പറയുന്നു. തന്റെ കഴിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാനുമാണ് സന്തോഷിന്റെ ആഗ്രഹം.അച്ഛൻ കെ.എം. ശാമുവൽ. അമ്മ ശോശാമ്മ ശാമുവൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |