
കോന്നി: ഇന്നലെ പുലർച്ചെ കാടുവിട്ടിറങ്ങിയ ആനക്കൂട്ടം ചെങ്ങറ സമരഭൂമിയിലെ വീട് തകർത്തു. വീട്ടിൽ ആളില്ലാതിരുന്നത് മൂലം ദുരന്തം ഒഴിവായി.
സമരഭൂമിയിലെ 45 -ാംനമ്പർ ശാഖയിലെ തരിക്കാടൻ സന്ദീപിന്റെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ 2:30നാണ് കാട്ടാനകൾ സമരഭൂമിയിലെത്തിയത്. . വീടിന്റെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കാട്ടാനകൾ വീടിന്റെ മുകളിലേക്ക് പിഴുതുമറിച്ചിട്ടു. മൺകട്ടയും ആസ്ബറ്റോസ് ഷീറ്റും ടാർപ്പാളിനും ഉപയോഗിച്ച് നിർമ്മിച്ച വീടായിരുന്നു ഇത്. . സമീപത്തെ കോലിഞ്ചി ഉൾപ്പെടെയുള്ള കാർഷിക വിളകളും ആനകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കോന്നി ഫോറസ്റ്റ് റേഞ്ചിലെ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി പരിശോധന നടത്തി.അടുത്തിടെ സമരഭൂമിയിലെ തുളസിയുടെ വീട് കാട്ടാന തകർത്തിരുന്നു. താത്കാലികമായി നിർമ്മിച്ച വീടുകളിലാണ് സമരഭൂമിയിലെ 500 ഓളം വരുന്ന കുടുംബങ്ങൾ താമസിക്കുന്നത്
സമരഭൂമിയുടെ ഒരുവശം കല്ലാറും കല്ലാറിന്റെ മറുകര റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയുമാണ്. സമീപത്ത് തന്നെയാണ് കോന്നി വനം ഡിവിഷനിലെ കോന്നി റേഞ്ചിൽപ്പെട്ട ഉത്തര കുമരംപേരൂർ വനമേഖലയും. ഇവിടെ നിന്നെത്തുന്ന കാട്ടാനകൾ സമരഭൂമിയിൽ മുമ്പും കാർഷിക വിളകൾ നശിപ്പിച്ചിട്ടുണ്ട്. സമരഭൂമിക്ക് സമീപത്തെ ഹാരിസൺ കമ്പനിയുടെ റബർ എസ്റ്റേറ്റിൽ കടുവയെയും, കല്ലാറ്റിൽ കാട്ടാനയെ ചരിഞ്ഞനിലയിലും മുമ്പ് കണ്ടെത്തിയിരുന്നു..
ആനയെത്തുന്നത് കൈതച്ചക്ക തേടി
ചെങ്ങറ സമരഭൂമിക്ക് സമീപവും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. സമരഭൂമിക്ക് സമീപമുള്ള ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലെ കൈതച്ചക്ക കൃഷിയാണ് കാട്ടാനകളെ ആകർഷിക്കുന്നത്. കൈതച്ചക്ക തിന്നാനാണ് ആനകളെത്തുന്നത്. എസ്റ്റേറ്റിലെ കുറുമ്പറ്റി, വട്ടത്തറ ഡിവിഷനുകളിൽ വൻതോതിലാണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |