SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.09 AM IST

തിരുവല്ലയിൽ ജലനിരപ്പ് ഉയരുന്നു, മനംപിടഞ്ഞ് മൂന്നാംദിനം

uthramel
തിരുവല്ല നഗരസഭ ഉത്രമേൽ വാർഡ് കൗൺസിലർ ശ്രീലേഖ ശ്രീനിവാസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു

തിരുവല്ല : മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ താലൂക്കിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായി. കൂടുതൽ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇരട്ടിയോളമായി.
താലൂക്കിലെ 12 വില്ലേജുകളിൽ 74 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 1,115 കുടുംബങ്ങളിലെ 3,648 ആളുകളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചത്. പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇരവിപേരൂർ, കോയിപ്രം വില്ലേജുകളിൽ 12 വീതവും തിരുവല്ല വില്ലേജിൽ പത്തും കുറ്റൂരിൽ എട്ട് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. 1632 സ്ത്രീകളും 1511 പുരുഷന്മാരും 584 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ഭിന്നശേഷിയുള്ളവരും ഗർഭിണിയുമെല്ലാം ക്യാമ്പുകളിലെ പരിമിതമായ സൗകര്യങ്ങളിൽ കഴിയുന്നു. ജനപ്രതിനിധികളും സന്നദ്ധ സംഘടനാപ്രവർത്തകരുമെല്ലാം നിരവധി സഹായങ്ങളുമായി എത്തിയിട്ടുണ്ട്.

പ്രളയഭീതി ഒഴിയാതെ
മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും മണിമല, പമ്പാ നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങളിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. ജലനിരപ്പ് ഉയർന്ന് വരുന്നതിനാൽ പലയിടത്തും പ്രളയഭീതിയിലാണ് ജനങ്ങൾ. ഒഴുകിയെത്തുന്ന മലവെള്ളത്തിന്റെ കലക്കൽ മാറി തെളിഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന മണിമലയാറ്റിലെ വെള്ളമാണ് കൂടുതൽ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ട്രാൻസ്ഫോർമർ ഉൾപ്പെടെ വെള്ളത്തിൽ നിൽക്കുന്നതിനാൽ താലൂക്കിന്റെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണവും തകരാറിലായിട്ടുണ്ട്. ഗ്രാമീണ റോഡുകളിലും വെള്ളത്തിലായതോടെ വാഹനഗതാഗതം മുടങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ എന്നിവർ ഇന്നലെ വിവിധ ക്യാമ്പുകളിൽ സന്ദർശനം നടത്തി.

തിരുവല്ല - അമ്പലപ്പുഴ, തിരുവല്ല - ചെങ്ങന്നൂർ, തിരുവല്ല - പത്തനംതിട്ട റോഡുകളിൽ വെള്ളം കയറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL