SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

ആശങ്ക മാറുന്നില്ല, വെള്ളം കയറിയും ഇറങ്ങിയും

പ്രമാടം : അച്ചൻകോവിലാറ്റിൽ വെള്ളം കയറിയും ഇറങ്ങിയും നിൽക്കുന്നത് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ തീരദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും കയറിയ വെള്ളം ഇറങ്ങിയെങ്കിലും ഇടയ്ക്കിടെ വീണ്ടും വെള്ളം ഒരേനിലയിൽ നിൽക്കുന്നതാണ് ആശങ്കകൾക്ക് കാരണം. പാടങ്ങളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും കയറിയ വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും പോയവർ ഇന്നലെ രാവിലെ വീടുകളിൽ തിരിച്ചെത്തി ശുചീകരണം നടത്തിയെങ്കിലും വെള്ളം കയറിയും ഇറങ്ങിയും നിൽക്കുന്നത് കാരണം വൈകിട്ട് വീണ്ടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. വെള്ളം കയറി ഗതാഗതം മുടങ്ങിയ റോഡുകൾ സഞ്ചാരയോഗ്യമായിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലും തീരദേശങ്ങളിലും ഇഴജന്തുക്കകളുടെയും വിഷ ജീവികളുടെയും ശല്യം വർദ്ധിച്ചിട്ടുണ്ട്.

പ്രമാടത്തും വള്ളിക്കോട്ടും
കൺട്രോൾ റൂമുകൾ

പ്രമാടം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രമാടം , വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. പഞ്ചായത്ത്, റവന്യൂ, പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സൗകര്യങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പ് സൗകര്യം ആവശ്യമുള്ളവർ വില്ലേജ് ഓഫീസർ, വാർഡ് മെമ്പർമാർ എന്നിവരുമായി ബന്ധപ്പെടണം. കൺട്രോൾ റൂം ഫോൺ നമ്പരുകൾ : പ്രമാടം : 04682 242215. വള്ളിക്കോട് : 04682 350229. അച്ചൻകോവിലാറ്റിൽ ജലനരപ്പ് ഉയർന്നും താഴ്ന്നും നിൽക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പഞ്ചായത്തുകൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL