ചെങ്ങന്നൂർ: വേനൽച്ചൂടിലും റോഡിലെ തിരക്കിലും എപ്പോഴും കാണുന്നൊരു പുഞ്ചിരിയുണ്ടായിരുന്നു പ്രജിത്തിന്. എന്നാൽ ആ പുഞ്ചിരിക്ക് പെട്ടെന്നാണ് കരിനിഴൽ വീണത്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിന്റെ കരളിനെയും വൃക്കകളെയും രോഗം ബാധിച്ചതോടെ കുടുംബത്തിന് മുന്നിലെത്തിയത് 50 ലക്ഷം രൂപയോളം വരുന്ന ചികിത്സാച്ചെലവ്. സാധാരണക്കാരായ ഒരു കുടുംബത്തിന് താങ്ങാനാകാത്ത വലിയ തുക.എന്നാൽ പ്രജിത്ത് തനിച്ചല്ലെന്ന് ഈ നാട് തെളിയിച്ചു.
പോലീസ് യൂണിഫോമിനോടും പ്രജിത്തിനോടുമുള്ള സ്നേഹം വാക്കുകളിലൊതുക്കാതെ പ്രവർത്തിയിലൂടെ പ്രകടിപ്പിക്കുകയാണ് ചെങ്ങന്നൂരുകാർ.ചെങ്ങന്നൂർ – മാന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന അശ്വതി ട്രാവൽസിന്റെ സ്വകാര്യ ബസ് കഴിഞ്ഞ ദിവസം നടത്തിയത് സാധാരണ സർവീസായിരുന്നില്ല. പ്രജിത്തിന്റെ ചികിത്സയ്ക്കായി കൈത്താങ്ങാകാനുള്ള കാരുണ്യയാത്രയായിരുന്നു. രാവിലെ ചെങ്ങന്നൂർ സി.ഐ.ആർ.രഗീഷ് കുമാർ ഫ്ലാഗ് ഒഫ് ചെയ്തതോടെ ബസിലെ ഓരോ യാത്രയും പ്രജിത്തിനായുള്ള സഹായമായി മാറി. ബസ് ഉടമ അരുൺ, പ്രോഗ്രാം കോർഡിനേറ്റർ ബാലു ശ്രീകുമാർ എന്നിവർ നേതൃത്വം നൽകിയ കാരുണ്യയാത്രയ്ക്ക് നാട്ടുകാരും യാത്രക്കാരും വലിയ പിന്തുണ നൽകി.
അന്നേദിവസം അശ്വതി ട്രാവൽസ് 16 ട്രിപ്പുകളാണ് നടത്തിയത്. ടിക്കറ്റ് തുകയ്ക്ക് പുറമേ യാത്രക്കാർ തങ്ങളാൽ കഴിയുന്ന സഹായവും നൽകി. വഴിയിലുടനീളം നാട്ടുകാരും സഹായവുമായി എത്തി. ബസിലെ അഞ്ച് ജീവനക്കാരും ഒരു ദിവസത്തെ വേതനം പ്രജിത്തിന്റെ ചികിത്സയ്ക്കായി നൽകി. ദിവസം അവസാനിച്ചപ്പോൾ കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് അരലക്ഷത്തിലധികം രൂപ. തുകയുടെ വലുപ്പത്തിനപ്പുറം, തനിക്കൊപ്പം ഒരു നാട് മുഴുവനുണ്ടെന്ന വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഈ യാത്ര പ്രജിത്തിന് സമ്മാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |