
പത്തനംതിട്ട : കോഴഞ്ചേരി പുതിയപാലത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കും. ഈ മാസം തന്നെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് നീക്കം. നിയമസഭാ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന്റെ അന്നായിരുന്നു നിർമ്മാണം പൂർത്തിയാകാതെ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചത്. എന്നാൽ അന്ന് സംഭവം വിവാദമായതോടെ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടത്തി പിരിയുകയാണ് ഉണ്ടായത്. നിലവിൽ റോഡ് ടാറിംഗ് പൂർത്തീകരിക്കേണ്ടതുണ്ട്. തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം.
ഗതാഗതക്കുരുക്ക് കുറയും
രാവിലെയും വൈകുന്നേരങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് കോഴഞ്ചേരിയിൽ. പഴയ പാലത്തിൽ ഒരുവരി ഗതാഗതം മാത്രമാണ് സാദ്ധ്യമാകുക. ഇരുവശത്തു നിന്നും വാഹനങ്ങൾ പാലത്തിൽ കയറിയാൽ ഗതാഗതകുരുക്കാകും. 2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം ആദ്യ തടസമായി. കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്ത് പണി ഏറ്റെടുത്തെങ്കിലും അതും റദ്ദായി. സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് തടസമായത്.
പദ്ധതി ചെലവ് : 20.58 കോടി രൂപ.
പാലത്തിന്റെ നീളം : 207.2 മീറ്റർ,
വീതി : 12 മീറ്റർ
അപ്രോച്ച് റോഡുകൾ
കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകളുണ്ട്. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന് സമീപം നടവഴികൾ ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |