
ചിറ്റാർ : കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കാടുംമേടും. പടിഞ്ഞാറൻ ചിക്രവാളത്തിൽ അന്തിച്ചോപ്പിന്റെ ചന്തം. നിത്യഹരിതവനം കുട നിവർത്തിയ താഴ്വാരം. മഞ്ഞിൻകണങ്ങളടങ്ങിയ ഇളംകാറ്റ് തൊട്ടും തലോടിയും കുളിരേകുന്നയിടം. ചതുരക്കള്ളിപ്പാറയിൽ നിറയുന്നു ഈ ആനന്ദാനുഭവം. തട്ടുതട്ടായും ചരിഞ്ഞുമുള്ള വിശാലമായ പാറ സാഹസിക ജീപ്പ് സവാരിക്കും പറ്റും. സായാഹ്ന കൂട്ടായ്മകൾക്കും സാഹിത്യ സദസുകൾക്കും വിശാലമായ പാറപ്പുറത്തേക്ക് പോകാം. ശാന്തത തേടിയെത്തുന്നവർക്ക് ധ്യാനവും യോഗയും ചെയ്തു മടങ്ങാം.
ചിറ്റാർ പഞ്ചായത്തിലെ ഒന്നാം വാർഡായ ചതുരക്കള്ളിപ്പാറ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ അനുകൂല ഘടകങ്ങളേറെയാണ്. പാറപ്പുറത്തെ പാർത്ഥസാരഥി ക്ഷേത്രവുമായും അടിവാരത്തിലെ ഗുഹയുമായും ബന്ധപ്പെട്ട് ഐതീഹ്യങ്ങളേറെ. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നും പറയപ്പെടുന്നുണ്ട്. ക്ഷേത്രോത്സവത്തിനുള്ള കൊടിയും സാമഗ്രികളും സൂക്ഷിച്ചിരുന്നത് ഗുഹയിലായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. താഴ്പൂട്ട് കാനന ഗുഹയെന്നാണ് ഇവിടം അറിയപ്പെടുന്നത്. ഗുഹക്കകത്ത് കയറി കുറച്ചുദൂരം മുന്നോട്ടുപോയാൽ പല അറകളിലേക്ക് തിരിയും. ശിലായുഗ കാലത്ത് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്ന ഗുഹ കാണാൻ ചരിത്ര വിദ്യാർത്ഥികൾ എത്തുന്നുണ്ട്.
ഗവി ടൂറിസവുമായി ബന്ധപ്പെടുത്താം
പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പിൻഭാഗത്തായി കാണുന്ന ചതുരക്കള്ളിപ്പാറ റവന്യു വകുപ്പിന്റ അധീനതയിലുള്ളതാണ്. താഴ്വാരം വനംവകുപ്പിന്റേതും. രണ്ടിനെയും വേർതിരിച്ച് ജണ്ട കെട്ടിയിട്ടുണ്ട്. 28 ഹെക്ടറോളം പരന്നു കിടക്കുന്ന പാറ വിനോദ സഞ്ചാരത്തിന് പറ്റിയതാണെങ്കിലും വിശദമായ പദ്ധതി തയ്യാറാക്കിയിട്ടില്ല. ചിറ്റാർ പഞ്ചായത്തിലെ പരിസ്ഥിതി പ്രവർത്തകർ പാറയെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. അടവി, ഗവി ടൂറിസവുമായി ചതുരക്കള്ളിപ്പാറയെ ബന്ധപ്പെടുത്താവുന്നതാണ്. അടവി കണ്ട് ചിറ്റാർ വഴി ഗവിയിലേക്ക് പോകുന്നവർക്ക് പാറപ്പുറം വശ്യമായ കാഴ്ചയാണ്. പാറപ്പുറത്ത് വാച്ച് ടവർ നിർമിച്ചാൽ വിദൂരക്കാഴ്ച മറ്റൊരു വിസ്മയമാകും.
♦ ചതുരക്കള്ളിപ്പാറയിലേക്ക് പോകാം
പത്തനംതിട്ട - സീതത്തോട് റോഡിൽ ചിറ്റാർ ജംഗ്ഷനിൽ നിന്ന് 3.5 കിലോമീറ്റർ
ലിറ്റിൽ ഏഞ്ചൽ സ്കൂൾ ജംഗ്ഷനിൽ നിന്ന് 950 മീറ്റർ.
ചതുരക്കള്ളിപ്പാറ 28 ഹെക്ടർ
'' ചതുരക്കള്ളിപ്പാറയിൽ ടൂറിസം സാദ്ധ്യമാണോ എന്ന് പരിശോധിക്കും.
ഷൈലജാ ബീവി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |