SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

കുറ്റൂരിൽ കർഷകരുടെ നേട്ടം: പ്രളയത്തെ ജയിച്ച് വിളവിന്റെ വിജയം

vipani

തിരുവല്ല : പ്രളയത്തിൽ പ്രതീക്ഷകളെല്ലാം വെള്ളത്തിനൊപ്പം ഒഴുകിപ്പോയെങ്കിലും സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള കുറ്റൂരിലെ കർഷകർ തളർന്നില്ല. രക്ഷപ്പെട്ട വിളകളെ ചേർത്തുപിടിച്ച് ഇത്തവണയും കുറ്റൂരിലെ കർഷകരും കൃഷിഭവനും ഓണവിപണിയിൽ നിറസാന്നിദ്ധ്യമായി മാറി. ആഗസ്റ്റ് ആദ്യമുണ്ടായ പ്രളയത്തിൽ കുറ്റൂരിൽ 22ഹെക്ടറോളം കൃഷി പൂർണമായും നശിച്ചിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിഭവന്റെ നേതൃത്വത്തിൽ 8ഹെക്ടറിൽ ഏത്തവാഴയും 5ഹെക്ടറിൽ പച്ചക്കറികളും 9ഹെക്ടറിൽ കിഴങ്ങുവർഗവിളകളും കൃഷിചെയ്തിരുന്നു. വെള്ളം കൃഷിയിടങ്ങളെ വിഴുങ്ങിയതിനൊപ്പം കുറ്റൂർ കൃഷിഭവനിലും വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ വർഷത്തെ ഓണം മാർക്കറ്റിൽ കർഷകരിൽനിന്ന് 2,250കിലോ പച്ചക്കറികളും ഏത്തക്കുലകളും സംഭരിച്ച് സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ 1,250 കിലോയോളം പച്ചക്കറികൾ മറ്റ് കൃഷിഭവനുകൾക്കും നൽകി. ഇതിലും വലിയതോതിൽ സംഭരണം നടത്തി കർഷകർക്ക് പരമാവധി വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണത്തെ ഒരുക്കങ്ങൾ. പക്ഷേ പ്രളയം പ്രതീക്ഷകൾക്ക് തിരിച്ചടിയായി.എങ്കിലും അവശേഷിച്ച വിളകളുമായി കർഷകർ വീണ്ടും മുന്നോട്ടുവന്നു.

സംഭരിച്ചത് 819 കിലോ പച്ചക്കറി

രക്ഷപ്പെട്ട പച്ചക്കറികളും ഏത്തക്കുലകളും ഉൾപ്പെടെ 819കിലോഗ്രാം വിവിധയിനം പച്ചക്കറികൾ കൃഷിഭവൻ സംഭരിച്ചു. നെടുമ്പ്രം,നിരണം,മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കും പച്ചക്കറികൾ എത്തിച്ചു. ശർക്കരയും തേങ്ങയും മികച്ചരീതിയിൽ സംഭരിക്കാനായി. ഹോർട്ടിക്കോർപ്പിൽ നിന്ന് 300കിലോ മറുനാടൻ പച്ചക്കറികൾകൂടി വാങ്ങി വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലായി 1,500കിലോഗ്രാം ശർക്കരയും വിതരണം ചെയ്തു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഓണവിപണി സംഭരണം നടക്കേണ്ടിയിരുന്ന പ്രദേശമായിരുന്നു കുറ്റൂർ. പ്രളയം വിളകൾ കവർന്നെങ്കിലും കർഷകരുടെ മനസിലെ പ്രതീക്ഷയെ കവർന്നെടുക്കാനായില്ല.

കതിർ സോഫ്റ്റ്‌വെയർ


കൃഷിവകുപ്പ് ഇത്തവണ പൂർണതോതിൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയ കതിർ സോഫ്റ്റ്‌വെയർ മുഖേനയാണ് ഉത്പന്നങ്ങൾ സംഭരിച്ചതും വിറ്റതും. ഇത് കൃഷിഭവന്റെ വിപണി ഇടപെടലുകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കി.നശിച്ചുപോയ 22ഹെക്ടറിന്റെ വേദനയ്ക്കിടയിലും രക്ഷപ്പെട്ട ഓരോവിളയും ചേർത്തുപിടിച്ച് കുറ്റൂർ ഒരുക്കിയത് അതിജീവനത്തിന്റെ ഓണസമൃദ്ധിയാണ്.

.............................

ജില്ലയിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച കൃഷിഭവനുകളിൽ ഒന്നായിട്ടും ഒരു ടണ്ണിനടുത്ത് പച്ചക്കറികൾ സംഭരിക്കാൻ കഴിഞ്ഞത് കുറ്റൂർ കൃഷിഭവന്റെ ചരിത്രത്തിലെതന്നെ പൊൻതൂവലാണ്.
താരാ മോഹൻ
(കൃഷി ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL