SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

ചിറ്റാർ - പുതുക്കട റോഡിനോട് ചിറ്റമ്മ നയമോ ?

f

ചിറ്റാർ: ശബരിമലയിലേക്കുള്ള തീർത്ഥാടകരടക്കം സഞ്ചരിക്കുന്ന റോ‌ഡാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തകർന്ന് തരിപ്പണമാണ് ചിറ്റാർ - പുതുക്കട റോഡ്.

ജില്ലയിലെ മിക്ക റോഡുകളും ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചിട്ടും, ഇൗ റോഡിനോട് അവഗണന തുടരുകയാണ്. ശബരിമല പാതയിൽ അപകടങ്ങളോ ഗതാഗതക്കുരുക്കോ ഉണ്ടായാലും വന്യമൃഗങ്ങൾ ഇറങ്ങിയാലും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും ഇതുവഴിയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിന്റെ ചിറ്റാർ ഭാഗത്തു നിന്നും പുതുക്കട ഭാഗത്തു നിന്നും ഒരോ കിലോമീറ്റർ ടാർ ചെയ്തതു മാത്രമാണ് അടുത്തിടെ നടന്ന പണി. റാന്നി, കോന്നി എം.എൽ.എമാരുടെ ഫണ്ടിൽ നിന്ന് അനുവദിച്ച പരിമിതമായ തുക കൊണ്ടാണ് ഇത്രയും നടന്നത്. ഇൗ ഭാഗത്തെ തകർന്ന കലുങ്കുകൾ പുതുക്കിപ്പണിയാതെയാണ് ടാർ ചെയ്തത്. മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് റോഡ് തകരാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്കിടെ റോഡിലെ കുഴിയടയ്ക്കൽ മാത്രമാണ് നടന്നിട്ടുള്ളത്. റോഡിലെ ടാറിംഗ് എല്ലായിടത്തും ഇളകി വൻ കുഴികൾ രൂപപ്പെട്ടു. കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് പ്രദേശത്തെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് രക്ഷകരാകുന്നത്. റോഡിന്റെ ഇരുഭാഗത്തും റബർ മരങ്ങളാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൂന്ന് തവണ റോഡ് ഉപരോധിച്ചു. പൊലീസ് കേസെടുത്തതോടെ സമരം പൊളിഞ്ഞു.

പൊതുമരാമത്ത് ഏറ്റെടുക്കണം

ചിറ്റാർ - പുതുക്കട റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ച് കലുങ്കുകൾ പുതുക്കിപ്പണിത് ഒാടയും നിർമ്മിച്ച് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യേണ്ടതുണ്ട്. ഇതിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന ഫണ്ട് മതിയാകില്ല. കോന്നി, റാന്നി എം.എൽ.എമാരുടെ ഫണ്ടുകൾ വിനിയോഗിക്കണം.


40 ബസ് സർവീസുകൾ

പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗവി സർവീസുകളും മൂഴിയാർ ഫാസ്റ്റും സ്വകാര്യ സർവീസുകളും ഉൾപ്പെടെ നാൽപ്പത് സർവീസുകൾ പുതുക്കട - ചിറ്റാർ റൂട്ടിലുണ്ട്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിനെ ജനപ്രതിനിധികൾ അവഗണിക്കുകയാണ്.

# 7 കിലോമീറ്റർ റോഡ്

'' റോഡ് അടിയന്തരമായി പൊതുമരാത്ത് ഏറ്റെടുത്ത് പുനർനിർമ്മിക്കണം. രണ്ടറവും കുറച്ചുദൂരംമാത്രം അശാസ്ത്രീയമായി ടാർ ചെയ്ത് പണം പാഴാക്കരുത്.

ബഷീർ, നല്ലാനിക്കുന്നിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL