പത്തനംതിട്ട: സിനിമ തിയേറ്ററുകളിൽ നടത്തിയ മിന്നൽപ്പരിശോധനയിൽ ഭക്ഷ്യവസ്തുക്കളുടെ അളവിലും തൂക്കത്തിലും ക്രമക്കേടുകൾ കണ്ടെത്തി. തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അളവിലും തൂക്കത്തിലുമല്ല ചായയും പോപ്‌കോണും വിൽക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി ഇന്നലെ രാവിലെ പത്തനംതിട്ടയിലെ ട്രിനിറ്റി മൂവി മാക്‌സ്, ധന്യ-രമ്യ തിയേറ്ററുകളിൽ പരിശോധന നടത്തിയത്.
ധന്യ, രമ്യ തിയേറ്റർ കോംപ്ലക്‌സിൽ പോപ്‌കോണിന്റെയും ചായയുടെയും അളവിൽ വ്യത്യാസമുണ്ട്. 80 രൂപയ്ക്ക് വിൽക്കുന്ന 55 ഗ്രാം പോപ്‌കോണിൽ 14 ഗ്രാമിന്റെ കുറവുണ്ട്. 100 രൂപയ്ക്ക് വിൽക്കുന്ന 70 ഗ്രാം പോപ്‌കോണിൽ 19 ഗ്രാമിന്റെയും കുറവുണ്ട്. 30 രൂപയ്ക്ക് വിൽക്കുന്ന ചായയുടെ അളവ് 180 എം.എൽ. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും 105 എം.എൽ. ചായയേ നൽകുന്നുള്ളൂ. ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തിട്ടുണ്ട്. പതിനായിരം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ട്രിനിറ്റി കോംപ്ലക്‌സിൽ ചായ, കാപ്പി, പോപ്‌കോൺ എന്നിവയുടെ വില വിവര പട്ടിക കൃത്യമായി പ്രദർശിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിവിൽ സപ്ലൈസ് വിഭാഗം കേസെടുത്തു. ഇവിടെ ലീഗൽ മെട്രോളജി വകുപ്പ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. തുടർന്നും പരിശോധന നടക്കുമെന്ന് അധികൃതർ പറഞ്ഞു.
ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ഡെപ്യൂട്ടി കൺട്രോളർ അബ്ദുൽ ഹഫീസ്, ഡെപ്യൂട്ടി കൺട്രോളർ കെ.ആർ.വിപിൻ, അസിസ്റ്റന്റ് കൺട്രോളർ കെ.എം.സനോജ്, ഇൻസ്‌പെക്ടർമാരായ അഭിലാഷ്, ടിഷ, സാമൺ ചാക്കോ, മനോജ് കുമാർ, അഭിറാം , ജില്ലാ സപ്ലൈ ഓഫീസർ ആർ.രാജീവ്, താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |