SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

കോയിപ്രം കുടിവെള്ള പദ്ധതിയുടെ പണി നീളുന്നു: വസ്തു തർക്കത്തിൽ വെള്ളംകുടി മുട്ടുമോ ?

war

കോഴഞ്ചേരി :പ്ളാന്റ് സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതോടെ കോയിപ്രം കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ആശങ്കയിൽ. 2028 ൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ തുക ലാപ്‌സാകും. കോയിപ്രം , തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം, കല്ലുപ്പാറ ,എഴുമറ്റൂർ ,കുന്നന്താനം പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവിഷ്കരിച്ച 270 കോടി രൂപയുടെ പദ്ധതിയാണ് തർക്കത്തിൽ കുടുങ്ങിയത്.

ദേശീയ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്. ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ കോയിപ്രം വെള്ളിക്കരയിൽ കണ്ടെത്തിയ 3 .8 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം. പൊന്നും വിലയ്ക്ക് വാങ്ങാൻ സർക്കാർ ഉത്തരവായ വസ്തുവിന് മതിയായ വില വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി വസ്തു ഉടമകൾ കേസ് നൽകിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 2017 മാർച്ചിൽ വാട്ടർ അതോറിറ്റി 10.56 കോടി രൂപയാണ് പ്ലാന്റ് നിർമ്മാണത്തിനായി അനുവദിച്ചത്. തങ്ങളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാതെ വസ്തു വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഉടമകൾ. ഇതുസംബന്ധിച്ച് കോടതിയിൽ അഞ്ച് കേസുകളുണ്ട്. ഭൂ ഉടമകളുമായി അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നിർദിഷ്ട ഭൂമിയുടെ ആറ് കിലോമീറ്റർ ചുറ്റളവിൽ അതേ വിസ്തീർണത്തിൽ ഏതെങ്കിലും പാടം നികത്തി തരം മാറ്റി കരഭൂമിയായി പരിവർത്തനം ചെയ്തു നല്കണമെന്നതാണ് ഉപാധികളിലൊന്ന് . തങ്ങൾ വിലയ്ക്ക് നൽകുന്ന ഭൂമിയിൽ നിന്ന് പ്ലാന്റ് നിർമ്മാണത്തിനായി നീക്കം ചെയ്യുന്ന മണ്ണ് പാടം നികത്താൻ നൽകണമെന്നും ആവശ്യമുണ്ട്. ഇവ അംഗീകരിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായ എവറസ്റ്റ് കമ്പിനിക്കാണ് കരാർ. പൂവത്തൂരിൽ 95 കോടി ചെലവിൽ കിണറിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

പുതിയ ഭൂമി വാങ്ങുന്നതിലും അനിശ്ചിതത്വം

പ്ളാന്റ് സ്ഥാപിക്കാൻ കണ്ടെത്തിയ ഭൂമിയെച്ചൊല്ലിയുള്ള കേസുകൾ അനന്തമായി നീളുന്നതിനാൽ പുതിയ ഭൂമി കണ്ടെത്തണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം നിർദ്ദേശിച്ചിരുന്നു. ഇത് മന്ത്രിതല യോഗവും അംഗീകരിച്ചു. ഇതിനായി പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തി അനുവാദം നൽകേണ്ടത് വാട്ടർ അതോറിറ്റിയാണ് . നിർദിഷ്ട ഭൂമിക്കായി മാറ്റിവച്ച 10.56 കോടി രൂപ പുതിയ ഭൂമി വാങ്ങാനായി ഭേദഗതി ചെയ്ത് ഉത്തരവിറക്കണം. ഇതിനിടയിൽ കേസുകൾ ഒത്ത് തീർപ്പാക്കി അതേ ഉടമകളുടെ ഭൂമിതന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ നീതു ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യമന്ത്രി വിഡി. സതീശന് കത്തു നൽകിയിട്ടുണ്ട് .

തിരുമാനം വേണമെന്ന്

പഞ്ചായത്ത് പ്രസിഡന്റുമാർ

പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു . ഭൂവുടമകളുടെ പുതിയ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. അതിന്റെ പേരിൽ പദ്ധതിയുടെ നിർമ്മാണം വൈകുന്നത് അംഗീകരിക്കാൻ കഴിയില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി .കെ രാമചന്ദ്രൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, ബിജിമോൾ കെ .എസ്, റെനി സനൽ, എൽസി ക്രിസ്റ്റഫർ, അനിൽ പൈക്കര അഡ്വ. സി കെ ശശി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL